കോഴിക്കോട്ട് മൊബിലിറ്റി ഹബ്ബ് വരുന്നു

കോഴിക്കോട്: കോഴിക്കോടിന്റെ വികസനത്തിന് കുതിപ്പേകി നഗരത്തില്‍ മൊബിലിറ്റി ഹബ്ബ്് വരുന്നു. യാത്രാ ദുരിതം കുറയ്ക്കുക, അപകടങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഹബ് സ്ഥാപിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ കോഴിക്കോട്ടും ആലപ്പുഴയിലും മൊബിലിറ്റി ഹബ്ബുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നഗരത്തില്‍ ഹബ് സ്ഥാപിക്കുന്നതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്നലെ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന പ്രാഥമിക ആലോചനായോഗത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചു.
എ പ്രദീപ്കുമാര്‍ എംഎല്‍എ ചെയര്‍മാനും ജില്ലാ കലക്ടര്‍ യു വി ജോസ് നോഡല്‍ ഓഫിസറും റീജ്യനല്‍ ടൗണ്‍ പ്ലാനര്‍ കെ വി അബ്ദുല്‍ മാലിക് കണ്‍വീനറുമായാണ് വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചത്. ഇവര്‍ മേയ് 12 നകം ഇതുസംബന്ധിച്ച പ്രപോസല്‍ സര്‍ക്കാരിന്് സമര്‍പ്പിക്കും. കോഴിക്കോട് എന്‍ഐടിയുടെ നേതൃത്വത്തില്‍ ഹബ്ബിന്റെ രൂപരേഖ തയ്യാറാക്കി.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. ഏകദേശം 20 ഏക്കര്‍ ഭൂമിയാണ് ഇതിന് ആവശ്യമുള്ളത്. മോണോ റെയില്‍, കെഎസ്ആര്‍ടിസി, കനോലി കനാല്‍ വഴിയുള്ള ജലപാത തുടങ്ങിയവ ഹബ്ബുമായി സംയോജിപ്പിക്കാവുന്ന തരത്തിലവും ഹബ്ബ് നിര്‍മിക്കുക. ബസ്സുകള്‍ക്കുപുറമേ 3000 കാറുകള്‍ക്കും 2000 ബൈക്കുകള്‍ക്കും പാര്‍ക്കിങ് സൗകര്യമുണ്ടാവും.
ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ നിയമ സാധുത പരിശോധിക്കാന്‍  റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ ഭരണം, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍, ഗതാഗതം, കൃഷി എന്നീ വകുപ്പുകളും കോര്‍പറേഷന്‍, നാറ്റ്പാക് എന്നിവയും പദ്ധതിയുടെ ഭാഗമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. കോഴിക്കോടിന് മൊബിലിറ്റി ഹബ്ബ്് അത്യാവശ്യമാണെന്നും എത്രയും വേഗം അത് സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. എ പ്രദീപ്കുമാര്‍ എംഎല്‍എ, ട്രാ ന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, കോര്‍പറേഷന്‍ സ്റ്റാ ന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ വി ബാബു രാജ്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്, എന്‍ഐടി പ്രഫസര്‍ ഡോ. അനില്‍കുമാര്‍, ആര്‍ടിഒ സി ജെ പോള്‍സണ്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top