കോഴിക്കോട്ട് ബസ് വീട്ടിലേക്ക് പാഞ്ഞുകയറി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്ക്

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്കു വന്ന ടൂറിസ്റ്റ് ബസ് വീട്ടിലേക്ക് പാഞ്ഞുകയറി നാല്‍പതിലേറെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റു. നാലു പേരുടെ പരിക്ക് ഗുരുതരമാണ്. കണ്ണൂര്‍ പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായീസ് സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 3.20ഓടെ കോഴിക്കോട് ബീച്ച് റോഡില്‍ പുതിയാപ്പയ്ക്ക് സമീപം പുതിയങ്ങാടി നഗര്‍ എടക്കല്‍താഴത്ത് വളവിലാണ് അപകടം. തെക്കേത്തൊടി പടിഞ്ഞാറേകണ്ടി സച്ചിദാനന്ദന്റെ റോഡരികിലെ വീട്ടിലേക്കാണ് ബസ് പാഞ്ഞുകയറിയത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന സച്ചിദാനന്ദന്റെ മകന്റെ ഭാര്യയും ഗര്‍ഭിണിയുമായ ഹിമയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുനിലവീട് ഭാഗികമായി തകര്‍ന്നു. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലൂടെ കയറി വീടിന്റെ ചുവരും ജനലും തകര്‍ത്ത് സണ്‍ഷേഡില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കും ബസ്സിടിച്ചു തകര്‍ന്നു. കോഴിക്കോട്  ബീച്ച് ഫയര്‍ യൂനിറ്റും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടു ബസ്സുകളിലായാണ് വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്ക് എത്തിയത്. സ്‌കൂളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കെഎല്‍ 47 ഡി 369 ഗ്രീന്‍ബേഡ് (കണ്ണന്‍) ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ കോഴിക്കോട്ടെത്തി പ്ലാനറ്റോറിയവും ബീച്ചും കണ്ട് കാപ്പാട് സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെയാണ് അപകടം. മുന്‍ സീറ്റിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് കാര്യമായ പരിക്ക്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണും കമ്പികളില്‍ മുഖമിടിച്ചുമാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്. രണ്ടു വര്‍ഷം മുമ്പും സച്ചിദാനന്ദന്റെ വീട്ടിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം ഉണ്ടായിരുന്നു.

RELATED STORIES

Share it
Top