കോഴിക്കോട്ട് കോളജ് യൂണിയന്‍ ഓഫിസ് തകര്‍ത്ത് എസ്ഡിപിഐയുടെ തലയില്‍ കെട്ടിവച്ച് സംഘര്‍ഷമുണ്ടാക്കാന്‍ എസ്എഫ്ഐ ശ്രമംകോഴിക്കോട് : മീഞ്ചന്ത ആര്‍ട്‌സ് കോളജില്‍ യൂണിയന്‍ ഓഫിസ് അടിച്ചു തകര്‍ത്ത് എസ്ഡിപിഐ ആക്രമണമെന്ന് വരുത്തിത്തീര്‍ത്ത് സംഘര്‍ഷമുണ്ടാക്കാന്‍ എസ്എഫ്‌ഐ ശ്രമം. മഹാരാജാസ് കോളജ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചെയ്തത് എന്ന തരത്തില്‍ യൂണിയന്‍ ഓഫിസ് ആക്രമിക്കപ്പെട്ടതായി പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് എസ്.എഫ്.ഐയുടെ ശ്രമം.
വെള്ളിയാഴ്ച ദിവസമായ ഇന്നലെ രാത്രി ഓഫിസ് ആക്രമിക്കപ്പെട്ടതായാണ് എസ് എഫ് ഐയുടെ ആരോപണം. ക്യാമ്പസിലെ എസ്എഫ്‌ഐയുടെ കൊടിതോരണങ്ങളും ബാനറുകളും നശിപ്പിക്കപ്പെട്ട നിലയിലാണ്. യൂണിയന്‍ ഓഫീസിന്റ പൂട്ട് തകര്‍ക്കപ്പെട്ട നിലയിലാണ്. ചുവരാകെ നീലപെയിന്റടിച്ച് വൃത്തികേടാക്കിയിട്ടുണ്ട് . കോളേജിന്റെ ചുമരുകളില്‍ 'വാണിംഗ്' എന്ന് നീല കളറില്‍ എഴുതി വെച്ചിട്ടുമുണ്ട്. കോളേജിലെ എന്‍ജിഒ യൂണിയന്റെ കൊടികളും നശിപ്പിക്കപ്പെട്ട നിലയിലാണ്.
ഓഫീസിനുള്ളിലെ എസ്എഫ്‌ഐ യുടെ ചുമരെഴുത്തുകള്‍ നശിപ്പിക്കുകയും ചെഗുവേരയുടെ പോസ്റ്റര്‍ വികൃതമാകുകയും ചെയ്തിട്ടുണ്ട്. അക്രമങ്ങള്‍ക്കു പിന്നില്‍ പുറത്തുനിന്നെത്തിയ എസ്ഡിപിഐ സംഘമാണെന്ന് എസ്എഫ്‌ഐ ആരോപിച്ചിട്ടുമുണ്ട്. 'ആക്രമണത്തില്‍' പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ പ്രതിഷേധ പ്രകടനവും നടത്തി. കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐയുടെ കോട്ടയായാണ് ആര്‍ട്‌സ് കോളജ് പതിറ്റാണ്ടുകളായി അറിയപ്പെടുന്നത്.

RELATED STORIES

Share it
Top