കോഴിക്കോടിന്റെ സ്‌നേഹാദരങ്ങള്‍ക്ക് മുന്നില്‍ നിറപുഞ്ചിരിയോടെ നിക്ക് ഉട്ട്്‌

കോഴിക്കോട്: ലോകപ്രശസ്ത യുദ്ധഫോട്ടോഗ്രാഫറും പുലിസ്റ്റര്‍ സമ്മാന ജേതാവുമായ നിക് ഉട്ടിന് കോഴിക്കോടിന്റെ സ്‌നേഹോഷ്മള വരവേല്‍പ്പ്. കോഴിക്കോട്ടെ ചരിത്ര സമൃതികളും പ്രധാന ആരാധനാലയങ്ങളും ഉരുനിര്‍മാണ കേന്ദ്രവുമെല്ലാം കാണാനായി അതിരാവിലെ തന്നെ ഇറങ്ങിയ നിക്ക് ഉട്ട്  നിറപുഞ്ചിരിയോടെ കണ്ടുനിന്നവര്‍ക്കെല്ലാം കൈകൊടുത്ത് ആവേശം പകര്‍ന്നു. സംസ്ഥാന സര്‍ക്കാറിന്റെ അതിഥിയായെത്തിയ നിക്ക് ഉട്ടിനെയും ലോസ് ആഞ്ചല്‍സ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോയെയും സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികളും പ്രസ് ഫോട്ടോഗ്രാഫര്‍മാരും മാധ്യമ പ്രവര്‍ത്തകരും അടങ്ങുന്ന സംഘം എത്തിയിരുന്നു.
നിക്കിന്റെയും റോയുടെയും അപൂര്‍വമായ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടന വേദിയിലേക്ക് ഇരുവരും നേരത്തേ എത്തി. നിക്കിനൊപ്പം നിന്ന് ഫോട്ടോ പകര്‍ത്താനും സെല്‍ഫിയെടുക്കാനും ഫോട്ടോഗ്രാഫര്‍മാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ മല്‍സരിച്ചു. ഇതിനിടയിലും ഒട്ടും മുഷിപ്പു കാണിക്കാതെ പുഞ്ചിരി തൂകുന്ന മുഖവുമായി നിക്ക് എല്ലാവര്‍ക്കും പോസ് ചെയ്തു കൊടുത്തു.
നിക്ക് ഉട്ടിനെ പ്രസ് ഫോട്ടോഗ്രഫി മേഖലയില്‍ ആഗോള പ്രശസ്തനാക്കിയ വിയറ്റ്‌നാം യുദ്ധഭീകരത വെളിച്ചത്തു കൊണ്ടുവന്ന, നാപാം ബോംബിങില്‍ ഭയന്നുവിറച്ച് ഉടുതുണിയില്ലാതെ ഓടുന്ന ഒമ്പതുവയസ്സുകാരിയുടെ ചിത്രം ഉള്‍പ്പെടെ അമ്പതോളം നിക്ക്- റൗള്‍ റോ ഫോട്ടോകളാണ് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചത്. യുദ്ധ ഭീകരത വിളിച്ചു പറയുന്ന നിരവധി ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു.
ആഗോളതലത്തില്‍ യുദ്ധത്തിനെതിരായ പൊതുവികാരം ഉണര്‍ത്തിയ നാപാം ചിത്രമാണ് 1973 ലെ പുലിറ്റ്‌സര്‍ പുരസ്—കാരത്തിനും വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡിനും നിക് ഉട്ടിനെ അര്‍ഹനാക്കിയത്. ഫോട്ടോ പ്രദര്‍ശനം തൊഴില്‍- എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
നാപാം ബോംബിങിനിടെ പകര്‍ത്തിയ ഫോട്ടോക്ക് സമീപം നില്‍ക്കുന്ന നിക്കിന്റെ ഫോട്ടോയെടുത്താണ് മന്ത്രി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ചെയ്തത്.  വൈകിട്ട് പൗരാവലി, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ്, കേരള മീഡിയാ അക്കാദമി, കോര്‍പറേഷന്‍, ഡിടിപിസി, പ്രസ് ക്ലബ് എന്നിവര്‍ സംയുക്തമായി ടൗണ്‍ഹാളില്‍ ഉട്ടിന് സ്വീകരണം നല്‍കി.
എം ടി വാസുദേവന്‍ നായര്‍ ഉട്ടിനെയും റൗള്‍ റോയെയും പൊന്നാടയണിയിച്ച് ചടങ്ങ്്് ഉദ്ഘാടനം ചെയ്തു. ചരിത്രകാരന്‍ എം ജി എസ് നാരായണന്‍, എംഎല്‍എ മാരായ എ പ്രദീപ് കുമാര്‍, എം കെ മുനീര്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍ സംബന്ധിച്ചു. രാവിലെ 5.30ന് കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ നിന്നാണ് നിക് ഉട്ട് തന്റെ കോഴിക്കോട്ടെ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് പടിഞ്ഞാറെ പള്ളി വീട്  ദേവമാതാ ചര്‍ച്ച്, തളിക്ഷേത്രം, കോഴിക്കോട് ബീച്ച്, ബേപ്പൂര്‍ ഉരു നിര്‍മാണ കേന്ദ്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top