കോഴിക്കുഞ്ഞുങ്ങള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു

അടിമാലി: വനിതകള്‍ക്ക് മുട്ടക്കോഴികളെ നല്‍കുന്ന പദ്ധതിപ്രകാരം നല്‍കിയ കോഴിക്കുഞ്ഞുങ്ങള്‍ വ്യാപകമായി ചത്തൊടുങ്ങുന്നതായി പരാതി. അടിമാലി ഗ്രാമപ്പഞ്ചായത്തിലെ 21 വാര്‍ഡുകളിലായി 5000ത്തിലേറെ മുട്ടക്കോഴികുഞ്ഞുങ്ങളെ രണ്ട് മാസം മുമ്പാണ് വിതരണം ചെയ്തത്. എന്നാല്‍, ലഭിച്ച കോഴിക്കുഞ്ഞുങ്ങളത്രയും ദിവസങ്ങള്‍ക്കുള്ളില്‍ ചത്തൊടുങ്ങുകയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
ആരോഗ്യസ്ഥിതി മോശമായ കോഴിക്കുഞ്ഞുങ്ങളെയാണ് പഞ്ചായത്ത് വിതരണം ചെയ്തതെന്നും കോഴിക്കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചതു മുതല്‍ ചത്തു തുടങ്ങിയെന്നും ഉപഭോക്താക്കള്‍ പറയുന്നു. ഒരു കോഴിക്കുഞ്ഞിന് നൂറ് രൂപ എന്ന നിരക്കിലായിരുന്നു ഉപഭോക്താക്കള്‍ക്ക് കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. 50 രൂപ ഉപഭോക്താവും 50 രൂപ പഞ്ചായത്തും പദ്ധതി വിഹിതമായി നല്‍കി. ഒരു വാര്‍ഡില്‍ 700 മുതല്‍ 1000 കോഴിക്കുഞ്ഞുങ്ങളെ വരെ വിതരണം ചെയ്തു. വസന്ത പിടിപ്പെട്ട കോഴിക്കുഞ്ഞുങ്ങളായിരുന്നു ഇവയിലേറെയുമെന്നും ഉപഭോക്താക്കള്‍ പറയുന്നു.
നാടന്‍കോഴികളുടെ കൂടെ രോഗം ബാധിച്ച കോഴിക്കുഞ്ഞുങ്ങളെ വിട്ടതോടെ മറ്റ് കോഴികളിലേക്കും രോഗം പടര്‍ന്നു. കോഴികള്‍ വ്യാപകമായി ചത്തതോടെ ഉപഭോക്താക്കള്‍ പഞ്ചായത്തില്‍ പരാതി നല്‍കി. എന്നാല്‍, മൃഗഡോക്ടര്‍ പരിശോധന നടത്തി രോഗമില്ലെന്ന്് റിപ്പോര്‍ട്ട് നല്‍കിയ കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തതെന്നാണ് പഞ്ചായത്ത് നല്‍കുന്ന വിശദീകരണം. അതേസമയം പരിശോധന നടത്താതെ പഞ്ചായത്തതികൃതര്‍ കരാറുകാരന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

RELATED STORIES

Share it
Top