കോള്‍ കര്‍ഷകര്‍ക്ക് കൃഷി: ദ്രുതകര്‍മ പരിപാടിയുമായി ഗവേഷണ കേന്ദ്രം

തൃശൂര്‍: കോള്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കുന്നതിനേക്കുറിച്ച് ആശങ്ക വേണ്ട. പ്രളയത്തില്‍ കേടുവന്ന പമ്പ് സെറ്റുകള്‍ നന്നാക്കാന്‍ ദ്രുതകര്‍മ്മ പരിപാടിയുമായി മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം. കോള്‍ നിലങ്ങളിലെ പ്രളയദുരിതക്കെടുതികള്‍ അടിയന്തിരമായി പരിഹരിച്ച് ഓപ്പറേഷന്‍ കോള്‍ ഡബിള്‍ പദ്ധതി ഉദ്ദേശിച്ച സമയത്ത് തന്നെ നടത്താന്‍ കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും ഊര്‍ജ്ജിതശ്രമത്തില്‍. മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഭക്ഷ്യസുരക്ഷാ സേനയേയും കേരള സംസ്ഥാന കാര്‍ഷിക യന്ത്രവ ല്‍ക്കരണ മിഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് അഗ്രികള്‍ച്ചറല്‍ ട്രെയിനീസിനേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ദ്രുതകര്‍മ്മപരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രളയംമൂലം തകര്‍ന്ന പുറംബണ്ടുകളുടെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ സര്‍വേ നടത്തി എസ്റ്റിമേറ്റുകള്‍ തയ്യാറാക്കാന്‍ ഈ വിദഗ്ധസംഘം സഹായം നല്‍കും. രണ്ടുദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കി എസ്റ്റിമേറ്റ് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ക്ക് കൈമാറും. ഓപ്പറേഷന്‍ കോള്‍ ഡബിള്‍ എന്ന് പേരിട്ടിരിക്കുന്ന ഇരുപ്പുകൃഷിക്ക് തയ്യാറായി പാടശേഖരങ്ങളിലെ പ്രളയത്തില്‍ തകരാറിലായ മോട്ടോര്‍ പമ്പുസെറ്റുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഒരാഴ്ചക്കകം പമ്പിങ്ങ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഇവിടത്തെ വിദഗ്ധര്‍. പൊണ്ണമുത, മണലൂര്‍ താഴം കോള്‍ പടവുകളിലെ ആറ് വൈദ്യുത മോട്ടോറുകള്‍ ഇതിനകം അറ്റകുറ്റപ്പണി തീര്‍ത്ത് കഴിഞ്ഞു. ഇരുപ്പൂകൃഷിക്ക് തയ്യാറായ മറ്റു പടവുകളിലെ മോട്ടോറുകള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് കോള്‍ വറ്റിക്കുന്ന പ്രവര്‍ത്തനത്തിന് ഉടന്‍ സജ്ജമാക്കാനായി പന്ത്രണ്ട് വിദഗ്ധരാണ് ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. അതേസമയം ലഭ്യമായ എല്ലാ ട്രാക്ടറുകളും ട്രില്ലറുകളും ഉപയോഗിച്ച് മൂന്ന് ദിവസത്തിനകം 300 ഏക്കര്‍ നിലം ഉഴുത് കൃഷിയ്ക്ക് പാകമാക്കാനും ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സപ്തംബര്‍ 21 ഓടെ ഒന്നാം പൂ കൃഷിയിറക്കാനുള്ള ലക്ഷ്യവുമായാണ് മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. പ്രളയം മൂലം മോട്ടോറുകള്‍ കേടുവന്നതിനാല്‍ വെള്ളം വറ്റിച്ച് ഒന്നാംപൂ കൃഷിയിറക്കാന്‍ കാലതാമസം വന്നാല്‍ രണ്ടാം പൂ കൃഷി നടത്താനാകുമോ എന്ന നെല്‍കര്‍ഷകരുടെ ആശങ്ക ഇതോടെ ഒഴിവാകുമെന്നാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ദ്രുതകര്‍മ്മ പരിപാടി വ്യക്തമാക്കുന്നത്.

RELATED STORIES

Share it
Top