കോള്‍നിലങ്ങളില്‍ പക്ഷികളെ കൂട്ടമായി വേട്ടയാടുന്നു

പൊന്നാനി:  കോള്‍മേഖലകളിലെത്തുന്ന ദേശാടനക്കിളികളെ കൂട്ടമായി വേട്ടയാടുന്ന സംഘങ്ങള്‍ സജീവം. വിവിധ മേഖലകളിലേക്ക് പറന്നെത്തുന്ന ദേശാടനക്കിളികളെയാണ് സംഘം വെടിവച്ചും മറ്റും പിടിക്കുന്നത്. കഴിഞ്ഞ ദിവസം സംഘം വേട്ടയാടിക്കൊന്ന പാതിരാകൊക്ക്, പെരുമുണ്ടി, ചെറുമുണ്ടി, കുളക്കൊക്ക് തുടങ്ങിയ പക്ഷികളെ  പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയിരുന്നു. ഒരു പാതിരാകൊക്കിനെയും എട്ട് പെരുമുണ്ടികളെയും, ഒരു ചെറുമുണ്ടിയെയും രണ്ട് കുളക്കൊക്കിനെയുമാണ് വേട്ടയാടിക്കൊന്ന നിലയില്‍ പക്ഷി നിരീക്ഷകര്‍ കണ്ടെത്തിയത്. ന്യൂ ഇയര്‍ പ്രമാണിച്ച്   നീര്‍പക്ഷികളെ വെടിവച്ചു പിടിച്ച്   പാകം  ചെയ്യാനും പദ്ധതിയിട്ടതായി പക്ഷിനിരീക്ഷകര്‍ ആരോപിക്കുന്നുണ്ട്. പൊന്നാനി കോ ള്‍പാടങ്ങളില്‍ മാത്രമല്ല സംസ്ഥാനത്ത് ദേശാടനക്കിളികള്‍ വിരുന്നെത്തുന്ന എല്ലായിടത്തും ഇത്തരം വേട്ട സംഘങ്ങള്‍ സജീവമായിട്ടുണ്ട്.നിശ്ചയദാര്‍ഢ്യത്തോടെയുള്ള നടപടികളിലൂടെ മാത്രമെ  ഈ പക്ഷികളെ സംരക്ഷിക്കാനാവൂവെന്നാണ് വിവിധ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മകള്‍ പറയുന്നത്.  മൂന്ന്  വര്‍ഷം മുന്‍പ് വരെ നാഗാലാന്‍ഡില്‍ നിന്നിരുന്ന അമുര്‍ ഫാല്‍ക്കന്‍ പക്ഷികളുടെ വേട്ട പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കഴിഞ്ഞത് ഇത്തരം നടപടികളിലൂടെയായിരുന്നു. സൈബീരിയയില്‍ നിന്നും മംഗോളിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് പറയുന്ന ഈ പക്ഷികളുടെ ഇടത്താവളമായിരുന്നു നാഗാലാന്‍ഡ്. നാഗാലാന്‍ഡിലെ തദ്ദേശീയ ഗോത്രവര്‍ഗക്കാര്‍ 2013 വരെ വര്‍ഷം പതിനായിരക്കണക്കിന് ഫാല്‍ക്കന്‍ പക്ഷികളെ തോറും കൊന്നൊടുക്കിയിരുന്നു.   ഇതോടെ ക്രമാതീതമായ കുറവുണ്ടായി. എന്നാല്‍ കൃത്യമായ ബോധവല്‍ക്കരണത്തിലൂടെ ഫാല്‍ക്കന്‍ വേട്ട  നിര്‍ത്തലാക്കാന്‍ കഴിഞ്ഞിരുന്നു. ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ദേശാടന കിളികളെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പക്ഷിനിരീക്ഷകര്‍.

RELATED STORIES

Share it
Top