കോളനിക്കാരുടെ സമഗ്ര ആരോഗ്യത്തിന് 'ഊര് ആശ'

കൊച്ചി: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനും സാമൂഹ്യ ക്ഷേമത്തിനുമായി ഊര് ആശ പദ്ധതി ആഗസ്ത് മുതല്‍ നടപ്പാക്കുമെന്ന് ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല അറിയിച്ചു. ഊര് ആശയായി തിരഞ്ഞെടുക്കുന്നവര്‍ക്കും പ്രത്യേക സംഘത്തിനുമുളള പരിശീലനം ജൂലൈയില്‍ പൂര്‍ത്തിയാവും. 14 ആദിവാസി ഊരുകളിലും ആശ പ്രവര്‍ത്തകയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തും. നിലവില്‍ എട്ട് ആശമാരെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഓരോ ഊരുകളും സന്ദര്‍ശിച്ച് ആദിവാസി കോളനിക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സര്‍വേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അത്യാവശ്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ബുദ്ധിമുട്ട്, ആരോഗ്യ പരിരക്ഷ ലഭിക്കാനുള്ള പ്രയാസം, മദ്യാപനം, പുകവലി, അമ്മമാര്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരക്കുറവ്, വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം, ഗര്‍ഭ നിരോധന ഗുളികകളുടെ അമിത ഉപയോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പുള്ള വിവാഹം തുടങ്ങിയ പ്രശ്‌നങ്ങളും കണ്ടെത്തിയിരുന്നു. ഇവ പരിഹരിക്കുന്നതിന് ഉറിയംപെട്ട് അടക്കമുള്ള 14 ആദിവാസി കുടികളിലും അവിടെ നിന്നു തന്നെയുള്ള സംഘത്തെ രൂപീകരിച്ച് പരിശീലനം നല്‍കുകയാണ് ഊര് ആശ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്‍എച്ച്എം ജില്ല പ്രോഗ്രാം മനേജര്‍ ഡോ. മാത്യൂസ് നമ്പേലി പറഞ്ഞു.

RELATED STORIES

Share it
Top