കോളനികളിലെ വികസന പ്രവൃത്തികള്‍ ഏറ്റെടുത്ത് സിപിഎം

കല്‍പ്പറ്റ:  ഇഎംഎസ് ദിനത്തിലും എകെജി ദിനത്തിലുമായി ഏഴു പഞ്ചായത്തുകളിലെ 12 കോളനികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന 'ഒരു കൈത്താങ്ങ്' പദ്ധതി തുടങ്ങുമെന്നു സിപിഎം കല്‍പ്പറ്റ ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏരിയാ കമ്മിറ്റിക്ക് കീഴിലെ 12 ലോക്കല്‍ കമ്മിറ്റികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഒരു ലോക്കലിലെ ഏറ്റവും ശോച്യമായ ഒരു കോളനി ഏറ്റെടുത്ത് ജനകീയ പങ്കാളിത്തത്തോടെ സമഗ്ര വികസനം എത്തിക്കുകയെന്നതാണ് ലക്ഷ്യം.
12 കോളനികളിലും കമ്മിറ്റികള്‍ രൂപീകരിക്കും. വിപുലമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. കോളനി ഏറ്റെടുക്കുന്നതിന്റെ ഏരിയാതല ഉദ്ഘാടനം 19നു മുട്ടില്‍ പാലമംഗലം കോളനിയില്‍ നടക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി എംപി പാലമംഗലം കോളനി ഏറ്റെടുത്ത് ഉദ്ഘാടനം നിര്‍വഹിക്കും. 22ന് മറ്റ് കോളനികളുടെ പ്രഖ്യാപനവും അതത് കോളനികളില്‍ സംഘടിപ്പിക്കും. ജീവനകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നിന്റെ ഭാഗമായാണ് 'ഒരു കൈത്താങ്ങ്' എന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ രണ്ടാംഘട്ടമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 12 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കും. ഇതിന്റെ പ്രവര്‍ത്തനം മെയ് ഒന്നിന് ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഏരിയാ സെക്രട്ടറി എം മധു, വി പി ശങ്കരന്‍ നമ്പ്യാര്‍, കെ സുഗതന്‍, എം ഡി സെബാസ്റ്റിയന്‍, പി എം സന്തോഷ്‌കുമാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top