കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കൊണ്ടോട്ടി: വിമാനത്താവളത്തില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ഐപിഎംഎസ് കോളജ് പ്രിന്‍സിപ്പല്‍ ശ്രീകാര്യം കൈലാസില്‍ ദീപ മണികണ്ഠനെ(42)യാണ് കോയമ്പത്തൂരില്‍ വച്ച് മലപ്പുറം ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ആതിര(21)യാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ ലോഡ്ജില്‍ നിന്നു ചാടിയത്. കേസില്‍ സഹപാഠികളായ അഞ്ച് പെണ്‍കുട്ടികളെ പോലിസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വിദ്യാര്‍ഥികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനാണ് കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഐപിഎംഎസ് കോളജില്‍ രണ്ടാംവര്‍ഷ ബിബിഎ ഏവിയേഷന്‍ വിദ്യാര്‍ഥിയായ ആതിര വിമാനത്താവളത്തിലെ പരിശീലനത്തിനായാണ് മൂന്നാഴ്ച മുമ്പ് കരിപ്പൂരിലെത്തിയത്. കഴിഞ്ഞ 30നാണ് ആതിര കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നു ചാടിയത്. സഹപാഠികള്‍ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും പട്ടികജാതിക്കാരി എന്ന നിലയില്‍ അപമാനിക്കുകയും ചെയ്തതായി ആതിര പോലിസിന് മൊഴി നല്‍കിയിരുന്നു. കേസന്വേഷണത്തിനിടെയാണ് പ്രിന്‍സിപ്പലിനെതിരേയും അന്വേഷണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആതിര ചികില്‍സയിലാണ്.

RELATED STORIES

Share it
Top