കോളജ് പൂട്ടാനുളള നീക്കം ഉപേക്ഷിച്ചു

കോഴിക്കോട്: കല്ലായി റോഡിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ മര്‍സൂഖ്  വനിതാ കോളജ് അടച്ചു പൂട്ടാനുള്ള മാനേജ്‌മെന്റ് തീരുമാനം പിന്‍വലിച്ചു. വിദ്യാര്‍ഥിനികളുടെയും രക്ഷിതാക്കളുടെയും കടുത്ത പ്രക്ഷോഭം കണക്കിലെടുത്താണ് തീരുമാനം പിന്‍വലിച്ചതെന്ന് പ്രിന്‍സിപ്പല്‍ വി ശംസുദീന്‍ പറഞ്ഞു. രാവിലെ വിളിച്ച് ചേര്‍ത്ത പിടിഎ മീറ്റിങ്ങില്‍ കോളജ് പൂട്ടുന്നുവെന്ന് പ്രിന്‍സിപ്പല്‍ അറിയികകുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉപരോധം ആരംഭിച്ചു.
പ്ലസ് വണ്‍, പ്ലസ്ടു, ബിഎ, ബികോം എന്നീ വിഭാഗങ്ങളിലായി 700 ഓളം വിദ്യാര്‍ഥിനികള്‍ പഠിക്കുന്നുണ്ട്. 15 സ്ഥിര അധ്യാപകരും 8 താല്‍ക്കാലിക അധ്യാപകരും 5 ഓഫിസ് ജീവനക്കാരും വിദ്യാര്‍ഥികള്‍ക്കൊപ്പം സമരത്തിനിറങ്ങി. ഇതോടെ മാനേജ്‌മെന്റ് കൂടുതല്‍ സമ്മര്‍ദത്തിലായി. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ കോഴ്‌സ് പൂര്‍ത്തിയാകുന്നതുവരെ കോളജ് പ്രവര്‍ത്തിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. കോളജ് തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
കടുത്ത പ്രക്ഷോഭത്തിനൊടുവില്‍ ഉച്ചയോടെ മാനേജ്‌മെന്റ് അധികൃതര്‍ രക്ഷിതാക്കളുമായി നടത്തിയ അടിയന്തിര ചര്‍ച്ചക്ക് ശേഷമാണ് പൂട്ടാനുളള തീരുമാനം പിന്‍വലിച്ചതായി അറിയിച്ചത്. എന്നാല്‍ ഈ വര്‍ഷം പുതിയ അഡ്മിഷന്‍ എടുക്കുന്നതിനെ കുറിച്ചുള്ള അന്തിമമായ തീരുമാനം മാനേജ്‌മെന്റ്  യോഗം ചേര്‍ന്നു അറിയിക്കുമെന്നാണ് പറഞ്ഞത്. 31 ന് പിടിഎ മീറ്റിങ് വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top