കോളജിലേക്ക് ബഹുജന മാര്‍ച്ച് ഇന്ന് : മടപ്പള്ളിയില്‍ അരങ്ങേറിയത് എസ്എഫ്‌ഐയുടെ ഫാഷിസ്റ്റ് ശൈലി

വടകര: കലാലയ രാഷ്ട്രീയത്തിലൂടെ പ്രദേശത്തിന്റെ സമാധാനം നഷ്ടപ്പെട്ട അവസ്ഥയിലേക്കാണ് ഒഞ്ചിയം പഞ്ചായത്തിലെ മടപ്പള്ളി. ദേശീയ തലത്തില്‍ സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ഫാഷിസ്റ്റ് ഭീകരത എടുത്ത് പറഞ്ഞ് കൊണ്ട് കേരളത്തിലെ കലാലയങ്ങളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവരാണ് എസ്എഫ്‌ഐ.
കാലങ്ങളായി എസ്എഫ്‌ഐയുടെ കൈപിടിയില്‍ ഒതുക്കിവച്ചിട്ടും മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതോടൊപ്പം അവരെ അടിച്ചൊതുക്കുന്ന സമീപനമാണ് മടപ്പള്ളി കോളജില്‍ നടക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന എസ്എഫ്‌ഐക്ക് ആധിപത്യമുള്ള മടപ്പള്ളിയില്‍ ഈ മൂന്ന് ആവശ്യങ്ങള്‍ക്കും എസ്എഫ്‌ഐയോട് സമരം ചെയ്യേണ്ട സ്ഥിതിയാണ് ഇവിടം. അത് കൊണ്ട് തന്നെ മഹത്തായ പാരമ്പര്യമുള്ള മാച്ചിനാരികുന്നെന്ന് വിശേഷിപ്പിക്കുന്ന മടപ്പള്ളി കോളജിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കാന്‍ വേണ്ടിയുള്ള സമരത്തിലാണ് പൊതുജനങ്ങളും, കോളജിലെ ഇതര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും.
കഴിഞ്ഞ ഒരു ആഴ്ചയായി കോളജ് കാമ്പസില്‍ അരങ്ങേറിയത് തികച്ചും എസ്എഫ്‌ഐയുടെ ഫാഷിസ്റ്റ് ശൈലിയാണ്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിക്കാത്ത യുഡിഎസ്എഫ്, എംഎസ്എഫ്, ഫ്രറ്റേര്‍ണിറ്റി തുടങ്ങിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് അക്രമിക്കുകയാണുണ്ടായത്.
കഴിഞ്ഞ ദിവസം കോളജിന് പുറത്തും സംഘര്‍ഷം അരങ്ങേറി. സ്ത്രീത്വത്തിന്റെ പരമോന്നത മഹിതം വിളിച്ച് പറയുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന, പക്ഷെ ഇതൊന്നും തങ്ങളുടെ പ്രവര്‍ത്തന പാതയില്‍ ഒന്നുമല്ലെന്ന് വീണ്ടും തെളിയിച്ചാണ് പെണ്‍കുട്ടികളെ അക്രമിച്ചത്.
എംഎസ്എഫ് ഹരിത ജില്ലാ സെക്രട്ടറി തംജിദ, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ സല്‍വ അബ്ദുല്‍ ഖാദര്‍, സഫ്‌വാന എന്നീ പെണ്‍കുട്ടികള്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇതില്‍ തംജിദയെ മുഖത്തടിക്കുകയും സല്‍വ അബ്ദുല്‍ ഖാദിറിനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തിട്ടുണ്ട്. ഇവരെ അക്രമിക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കുംമര്‍ദ്ദനമേറ്റു. കോളജിനടുത്തെ വ്യാപാരിയായ രാജാസ് ബേക്കറി ഉടമ മനോഹരന്‍, മനോജന്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. മടപ്പള്ളി സ്വദേശി ജിതിലിന്റെ ഉടമസ്ഥതയിലുള്ള അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനവും എസ്എഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു.
കോളജിനുള്ളില്‍ നടന്ന അക്രമത്തില്‍ പല പ്രവര്‍ത്തകരെയും എസ്എഫ്‌ഐക്കാര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് അക്രമിച്ചത്. കോളജ് യൂണിയന്‍ ഓഫീസ് മാരകായുധങ്ങളുടെ ശേഖര കേന്ദ്രമെന്നാണ് കോളജിലെ മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ കോളജിന്റെ സമാധാനാന്തരീക്ഷം വീണ്ടെടുക്കുന്നതിനായി മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും, ബഹുജനങ്ങളും, പ്രദേശവാസികളും ഒന്നാകെ കൈകോര്‍ക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 9 മണിക്ക് കോളജിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
കൂടാതെ എംഎസ്എഫിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിത സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം ഈ വിഷയത്തിലെല്ലാം തന്നെ മൗനം പാലിച്ച മട്ടിലാണ് സിപിഎം. വിദ്യാര്‍ത്ഥിനികളെ അക്രമിച്ച സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും സിപിഎമ്മിന്റെ മൗനം ഏറെ ചര്‍ച്ചയാവുകയാണ്.

RELATED STORIES

Share it
Top