കോര്‍പറേഷന് ലക്ഷങ്ങളുടെ നഷ്ടം; അന്വേഷണത്തിന് മേയറുടെ നിര്‍ദേശം

കോഴിക്കോട്: നഗരസഭക്ക് 7,77,843 രൂപ നഷ്ടമായ സംഭവത്തില്‍ അസിസ്റ്റന്‍ സെക്രട്ടറിയോട് അന്വേഷണം നടത്താന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയറുടെ നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ടിന് അനുസരിച്ച് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വ്യക്തമാക്കി. പയ്യാനക്കല്‍ അയ്യങ്കാര്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തി ഏറ്റെടുത്ത് നഗരസഭയുമായി ഉടമ്പടിയുണ്ടാക്കിയ കരാറുകാരന് സെക്യൂരിറ്റിതുക തിരിച്ചുനല്‍കുന്നത് സംബന്ധിച്ച് കൗണ്‍സിലില്‍ വന്ന അജന്‍ഡയുടെ ചര്‍ച്ചയിലാണ് ക്രമക്കേട് ബോധ്യമായത്. 2015- 16 സാമ്പത്തിക വര്‍ഷത്തില്‍ മെയിന്റനന്‍സ് ഗ്രാന്റ് (റോഡിതരം) വിഭാഗത്തില്‍ ഉള്‍പ്പെട്ട അയ്യങ്കാര്‍ റോഡ് മുതല്‍ ബിഎസ്ടി മൈതാനം വരെയുള്ള റോഡിന്റെ സൈഡുകള്‍ കെട്ടുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചതുമായി ബന്ധപ്പെട്ടുള്ള 7,77843 രൂപയുടെ ബില്ലിലാണ് വീഴ്ച പറ്റിയത്. എംജി (എന്‍ആര്‍) ഹെഡ് ഓഫ് അക്കൗണ്ടിന് പകരം ധനകാര്യ കമീഷന്റെ അക്കൗണ്ടില്‍ നിന്നുമാണ് തുക നല്‍കിയത്. പിശക് തിരുത്തുന്നതിനും 7,77,843 രൂപയുടെ ചെലവ് എംജി (എന്‍ആര്‍) അക്കൗണ്ടിലേക്ക് മാറ്റുന്നതിനും ട്രഷറി മുഖാന്തിരം ഡയറക്ടറേറ്റിലേക്ക് അപേക്ഷ അയച്ചെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരത്തിലുള്ള തെറ്റ് നേരത്തെ ആവര്‍ത്തിക്കുകയും 54 ലക്ഷത്തോളം രൂപ നഗരസഭക്ക് നഷ്ടം സംഭവിച്ചതായും കൗണ്‍സിലര്‍ മുഹമ്മദ് ഷമീല്‍ പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍മാരില്‍ നിന്ന് തുക ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ പെന്‍ഷനുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആനുകൂല്യം സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ വാദത്തിനെതിരെ ഭരണരക്ഷം രംഗത്തുവന്നത് ബഹളത്തിനിടയാക്കി. പുതിയാപ്പ ബീച്ച് റോഡിലെ കൊടുംവളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ ശാസ്ത്രീയ ഗതാഗത പരിഷ്‌ക്കാരം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവരെ സമീപിക്കുമെന്ന് ശ്രദ്ധക്ഷണിക്കലില്‍ മേയര്‍ പറഞ്ഞു. പുതിയങ്ങാടി പാലക്കട ഭാഗത്തെ കനാല്‍ ശുചീകരണത്തിന് ജലസേചന വകുപ്പിനോട് നിര്‍ദേശിക്കും. സ്വപ്‌ന നഗരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിനോട് ചേര്‍ന്നുള്ള തണ്ണീര്‍ത്തടം നികത്തുന്നത്  സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കി ആര്‍ഡിഒക്ക് കമൈാറുമെന്നും മേയര്‍ അറിയിച്ചു. മുതലക്കുളത്തെ അലക്കുതൊഴിലാളികളുടെ ഇടിഞ്ഞ കിണര്‍ കെട്ടിസംരക്ഷിക്കുന്നതിന് ടെന്‍ഡറായതായും അദ്ദേഹം അറിയിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി ബാബുരാജ്, എം രാധാകൃഷ്ണന്‍, ടി വി ലളിതപ്രഭ, കൗണ്‍സിലര്‍മാരായ കെ കെ റഫീഖ്, എം ശ്രീജ, ഉഷാദേവി, ടി സി  ബിജുരാജ്, സി അബ്ദുറഹിമാന്‍, പി കിഷന്‍ചന്ദ്് സംസാരിച്ചു.

RELATED STORIES

Share it
Top