കോര്‍പറേഷന്‍ യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു

കണ്ണൂര്‍: ലൈഫ് മിഷന്‍, എസ്‌സി/എസ്ടി ഫഌറ്റ് സ്ഥലമെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത കോര്‍പറേഷന്റെ അടിയന്തര കൗണ്‍സില്‍ യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. എടയന്നൂരിലെ ശുഹൈബ് വധം സംബന്ധിച്ച പ്രതിഷേധം നടക്കുന്നതിനിടെ ചേര്‍ന്ന അടിയന്തര യോഗത്തെ കുറിച്ച് മേയര്‍ എല്ലാ കൗണ്‍സിലര്‍മാരെയും അറിയിച്ചില്ലെന്നാരോപിച്ചാണ് ബഹിഷ്‌കരണം.
ജില്ലയിലെ അക്രമ രാഷ്ട്രീയത്തിന്റെ ചെറുപതിപ്പാണ് കോ ര്‍പറേഷന്‍ ഭരണത്തിലും നടക്കുന്നതെന്ന് പ്രതിപക്ഷ കൗ ണ്‍സിലര്‍മാര്‍ ആരോപിച്ചു. ഇന്നലെ ഉച്ചയ്ക്കു 2.30നാണു കൗണ്‍സില്‍ യോഗം നിശ്ചയിച്ചിരുന്നതെങ്കിലും വൈകീട്ട് മൂന്നോടെയാണു തുടങ്ങിയത്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൂട്ടമായാണ് യോഗത്തിനെത്തിയത്. യോഗം തുടങ്ങുകയാണെന്നറിയിച്ച് മേയര്‍ ഇ പി ലത അജണ്ടയിലേക്ക് കടക്കുമ്പോഴാണ്, കോണ്‍ഗ്രസ് പ്രതിനിധിയും പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ അഡ്വ. ടി ഒ മോഹനന്‍ എഴുന്നേറ്റുനിന്ന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്.
അടിയന്തര കൗണ്‍സില്‍ യോഗം വിളിക്കുമ്പോള്‍ എല്ലാ കൗണ്‍സിലര്‍മാരെയും വിവരം അറിയിക്കണമെന്നും മേയര്‍ ഇതിന് തയ്യാറാവുന്നില്ലെന്നും, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നേരില്‍ കണ്ടപ്പോള്‍ പോലും മേയര്‍ അടിയന്തര യോഗത്തെ കുറിച്ച് പറഞ്ഞില്ല. കൂട്ടായ്മയ്ക്കു അവസരമുണ്ടാക്കുന്നില്ല. ജനപ്രതിനിധികളെന്ന നിലയ്ക്കു തങ്ങളെ അപമാനിക്കുന്നതിനു തുല്യമാണിത്.
ജില്ലയിലെ അക്രമങ്ങളെ കുറിച്ച് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സമരം നടക്കുമ്പോ ള്‍ തങ്ങളില്‍ പലര്‍ക്കും അതില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പിന്തുണച്ച് മുസ്്‌ലിം ലീഗ് കൗണ്‍സിലര്‍ സി സമീറും രംഗത്തെത്തി. കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങളുടെ ചെറുപകര്‍പ്പാണ് കോര്‍പറേഷനിലെന്നു ആരോപിച്ച അദ്ദേഹം അധികൃതരുടെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതോടെ ഭരണപക്ഷം ഒന്നടങ്കം പ്രതിപക്ഷത്തെ എതിര്‍ത്തു. ഇതിനിടെയാണ് യോഗം ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയത്.
മുദ്രാവാക്യം വിളിച്ച് പുറത്തിറങ്ങിയ കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ യോഗം ചേരുകയും ചെയ്തു. എന്നാല്‍ കോര്‍പറേഷന്‍ യോഗം ബഹിഷ്‌കരിച്ചത് യുഡിഎഫിന്റെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നു സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്‍ ബാലകൃഷ്ണന്‍ ആരോപിച്ചു. ബഹളത്തിനും ബഹിഷ്‌കരണത്തിനുമിടെ അജണ്ടകള്‍ പാസ്സാക്കി യോഗം പിരിഞ്ഞു.

RELATED STORIES

Share it
Top