കോര്‍പറേഷന്‍ കൗണ്‍സില്‍ ബഹളത്തില്‍ മുങ്ങി

കോഴിക്കോട്: കുടുംബശ്രീ വഴി നടപ്പാക്കുന്ന നവകേരളം ലോട്ടറിയില്‍ നിര്‍ബന്ധിത പിരിവ് ഏര്‍പ്പെടുത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് നഗരസഭാ യോഗത്തില്‍ ബഹളം. ഓരോ അയല്‍കൂട്ടവും 1000 രൂപയുടെ ടിക്കറ്റുകള്‍ നിര്‍ബന്ധമായും എടുക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നതായി സുധാമണിയാണ് കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചത്. 250 രൂപയുടെ നാലു ടിക്കറ്റുകള്‍ എടുക്കാനാണ് നിര്‍ബന്ധിക്കുന്നതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഇത് ഭരണകക്ഷി അംഗങ്ങള്‍ എതിര്‍ത്തു. എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തടയാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്ന് എം രാധാകൃഷ്ണന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ പറഞ്ഞു. ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്ന് സ്ഥിരം സമിതി അധ്യക്ഷ എം എം പത്മാവതിയും വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷം ഇത് അം ഗീകരിച്ചില്ല. പരസ്പരം വാക്കേറ്റത്തിലും നീണ്ട ബഹളത്തിനും ഇതിടയാക്കി. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ തടഞ്ഞുവെച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ കൗണ്‍സില്‍ തീരുമാനമനുസരിച്ചുള്ള അന്വേഷണ റിപോര്‍ട്ടും ബഹളത്തിനിടയാക്കി.
അന്യായമായി പെന്‍ഷനുകള്‍ തടഞ്ഞുവെച്ചിരിക്കയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 3602 പേരുടെ പെന്‍ഷനുകളാണു തടഞ്ഞു വെച്ചിരുന്നതെന്നും ഇതില്‍ 1854 എണ്ണം പുനപരിശോധിച്ച് 800 ലധികം പേരുടെ പെന്‍ഷന്‍ പുനസ്ഥാപിച്ചിട്ടുണ്ടെന്നും അധ്യക്ഷത വഹിച്ച ഡെപ്യുട്ടി മേയര്‍ സഭയില്‍ വെച്ച റിപോര്‍ട്ടില്‍ പറഞ്ഞു. 1713 അപേക്ഷകളില്‍ തുടര്‍അന്വേഷണം നടത്തും. ഇക്കാര്യത്തില്‍ വീഴ്ചകളുണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷം ബഹളം വെച്ചത്.
മാനുഷിക പ്രശ്‌നമായി കണ്ട് ആവശ്യമായ നടപടികള്‍ വേണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ.പി എം സുരേഷ് ബാബു ആവശ്യപ്പട്ടു. ലിസ്റ്റുകള്‍ എല്ലാ കൗണ്‍സിലര്‍മാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ നടപടിയുണ്ടാകുമെന്നും ഡെപ്യുട്ടി മേയര്‍ മീരാ ദര്‍ശക് അറിയിച്ചു.
പുഴകളില്‍ മണ്ണ് അടിഞ്ഞു കൂടിയത് നീക്കാന്‍ നടപടികളുണ്ടാകണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടാന്‍ തീരുമാനിച്ചു. ചാലിയാറിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി മുല്ലവീട്ടില്‍ മൊയ്തീന്‍ ആണ് ശ്രദ്ധക്ഷണിച്ചത്. മണല്‍ വാരാനുള്ള നടപടികളുണ്ടാകണം.
നഗരത്തിലെ ബസ് ഷെല്‍ട്ടറുകള്‍ പരിപാലനത്തിന് നല്‍കിയതിന്റെ കരാര്‍ കാലാവധികഴിഞ്ഞിട്ടും നടപടികളുണ്ടാകാത്തതിനെ കുറിച്ച് അഡ്വ.വിദ്യാ ബാലന്‍ ശ്രദ്ധ ക്ഷണിച്ചു. 34 ബസ് ഷെല്‍ട്ടറുകളാണ് കരാറുകാര്‍ക്ക് നല്‍കിയത്. ഇതു വഴി നഗരസഭക്ക് വരുമാനമൊന്നുമില്ലെന്നും പരിപാലനം കൂടി കരാറുകാരുടെ ചുമതലയിലാണെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി ബാബുരാജും ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാറും വിശദീകരിച്ചു.
ഷെല്‍ട്ടറുകള്‍ ശരിയായി പരിപാലിക്കുന്നുണ്ടോയെന്ന ഇ ന്‍സ്‌പെക്ടര്‍മാരുടെ പൂര്‍ണ്ണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം വേണ്ട നടപടിയെടുക്കുമെന്ന് ഡപ്യുട്ടി മേയര്‍ പറഞ്ഞു. തെരുവു വിളക്കുകള്‍ കത്താത്തതിനെകുറിച്ച് ഇന്നലെയും കൗണ്‍സിലില്‍ ചര്‍ച്ച നടന്നു. സതീഷ്്കുമാറാണ് ഇക്കാര്യം ശ്രദ്ധ ക്ഷണിച്ചത്.
സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തന രഹിതമായതിനെ കുറിച്ച് ഷംവീല്‍ തങ്ങളും, കനേലി കനാല്‍ ഗതാഗത യോഗ്യമാക്കി ഉള്‍നാടന്‍ ജലഗതാഗതം വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിക്കായി സര്‍ക്കാറുകളോടാവശ്യപ്പെടണമെന്ന് ബിജുരാജും ശ്രദ്ധ ക്ഷണിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

RELATED STORIES

Share it
Top