കോര്‍പറേഷന്‍ കൗണ്‍സിലര്‍ അറിയാതെ പദ്ധതി ജല അതോറിറ്റി വെട്ടിമാറ്റി

തൃശൂര്‍: അമൃതം പദ്ധതിയില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകരിച്ച പീച്ചിയിലെ പഴയ ജലശുദ്ധീകരണ പ്ലാന്റ് നവീകരണ പദ്ധതി കൗണ്‍സിലറിയാതെ വാട്ടര്‍ അതോറിറ്റി വെട്ടി. അമൃതം പദ്ധതിയില്‍ 20 ദശലക്ഷം ലിറ്ററിന്റെ പുതിയ ജലശുദ്ധീകരണ പ്ലാന്റ് പീച്ചിയില്‍ സ്ഥാപിക്കുന്നതിന്റെ പേരിലാണ് 14.5 ദശലക്ഷത്തിന്റെ പഴയ പ്ലാന്റ് കാലഹരണപ്പെട്ടുവെന്ന വാദവുമായി പ്ലാന്റ് തന്നെ ഉപേക്ഷിക്കാന്‍ ഒരടിസ്ഥാനവുമില്ലാതെ അതോറിറ്റി തീരുമാനമെടുത്തത്.
അതോറിറ്റിയുടെ വാദം തിരുവനന്തപുരത്തു ചേര്‍ന്ന ഹൈപവ്വര്‍ കമ്മിറ്റിയും അംഗീകരിച്ചു. മൂന്ന് കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിപിആര്‍ തയ്യാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച ശേഷം ടെണ്ടര്‍ നടപടികളിലേക്ക് പ്രവേശിക്കാനിരിക്കേയാണ് പദ്ധതി തന്നെ ഉപേക്ഷിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായത്. തീരുമാനം രണ്ട് മാസം മുമ്പ് ഉണ്ടായതാണെങ്കിലും തീരുമാനം കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള വകതിരിവ് പോലും കാണിക്കാതെയും പദ്ധതിക്കായി സമ്മര്‍ദ്ദം ഉയര്‍ത്താതെയും കോര്‍പ്പറേഷന്‍ ഭരണ നേതൃത്വം അതോറിറ്റി തീരുമാനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. മന്ത്രി വി എസ് സുനില്‍കുമാറിനെ ഉള്‍പ്പെടെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഒരുവിധ ആലോചനകളുമില്ലാതെയുള്ള അതോറിറ്റിയുടെയും കോര്‍പ്പറേഷന്‍ നേതൃത്വത്തിന്റേയും ജനവിരുദ്ധ നടപടി. നിലവില്‍ 50.5 ദശലക്ഷം ശേഷിയുള്ളതാണ് തൃശൂര്‍ ശുദ്ധജലവിതരണ പദ്ധതി.
അമൃതം പദ്ധതിയില്‍ 20 ദശലക്ഷത്തിന്റെ പുതിയ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ച് ആ ജലം കൂടി നഗരത്തിലെത്തിച്ചാല്‍ കോര്‍പ്പറേഷന്‍ പ്രദേശത്ത് 24മണിക്കൂറും സമൃദ്ധിയായി ജലവിതരണം നടത്താമെന്നിരിക്കേ ആ സാധ്യതയെ അട്ടിമറിക്കുന്നതാണ് അതോറിറ്റി നടപടി. 68 വര്‍ഷം മുമ്പ് പീച്ചിയില്‍ സ്ഥാപിച്ച 14.5 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റ് കാലഹരണപ്പെട്ടതായി വാട്ടര്‍ അതോറിറ്റിയുടെ ഒരു ഉദ്യോഗസ്ഥന്‍ ഇന്നേ വരെ ഒരു വേദിയിലും പറയാതിരിക്കേ 1961 മുതല്‍ ഒരു ദിവസംപോലും മുടക്കമില്ലാതെ ജനസേവനം നടത്തിവരുന്ന പദ്ധതിയെ വയസ്സായെന്ന കാരണം പറഞ്ഞ് ഉേപക്ഷിക്കുന്ന നടപടി നഗരത്തില്‍ ജലവിതരണ പ്രതിസന്ധിയുണ്ടാക്കി സമീപകാലത്തൊന്നും നടക്കാനിടയില്ലാത്ത 300 കോടിയുടെ കരുവന്നൂര്‍ പദ്ധതിക്ക് സമര്‍ദ്ദം കൂട്ടാനുള്ള കുതന്ത്രമാണെന്ന് കരുതുന്നു. അമൃതം പദ്ധതിയില്‍ 20 ദശലക്ഷം ലിറ്ററിന്റെ പുതിയ ശുദ്ധീകരണ പ്ലാന്റ് മാത്രം പീച്ചിയില്‍ അതോറിറ്റി നിര്‍ദ്ദേശിച്ചപ്പോള്‍ തന്നെ ആ വെള്ളം തൃശൂരിലെത്തിക്കുന്നതിന് പദ്ധതി നിര്‍ദ്ദേശിച്ചിരുന്നില്ല.
എല്‍ഡിഎഫ് കൗണ്‍സില്‍ നേതൃത്വം ഇക്കാര്യം ഉന്നയിച്ചപ്പോള്‍ തന്നെ 14.5 ദശലക്ഷത്തിന്റെ പഴയ പദ്ധതി ഉപേക്ഷിക്കാനുള്ള ഗൂഢാലോചന പുറത്തുവന്നതായിരുന്നു. എന്നാല്‍ പദ്ധതി നിലനിര്‍ത്തി പുതിയ പദ്ധതി നടപ്പാക്കണമെന്ന കൗണ്‍സില്‍ ആവശ്യം ഇറിഗേഷന്‍ സെക്രട്ടറി കൂടിയായ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസിന്റെ സാന്നിദ്ധ്യത്തില്‍ കോര്‍പ്പറേഷന്‍ നേതൃത്വം ഉന്നയിച്ച അനുമതി നേടിയതാണ്. പഴയ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് സെക്രട്ടറി പ്രഖ്യാപിച്ചതുമാണ്. പഴയപദ്ധതി നിലനിര്‍ത്തി പുതിയ പദ്ധതി നടപ്പാക്കാന്‍ യോഗം ഏകകണ്ഠമായി തന്നെ തീരുമാനമെടുത്തു പ്രഖ്യാപിച്ചതാണെന്ന് അന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം സീനിയര്‍ കൗ ണ്‍സിലര്‍ പി കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ പറയുന്നു.
മൂന്ന് കോടിയുടെ നവീകരണ പദ്ധതിക്ക് ഡിപിആര്‍ തയ്യാറാക്കിയതും ഭരണ- സാങ്കേതികാനുമതി നല്‍കിയതും തുടര്‍ന്നുണ്ടായതാണ്. അവയെല്ലാം കൗണ്‍സിലും അംഗീകരിച്ചു. പക്ഷെ പീച്ചിയില്‍ അധികം ഉല്‍പ്പാദിക്കുന്ന 20 എംഎല്‍ഡി വെള്ളം തൃശൂരിലെത്തിക്കാന്‍ പുതിയ പൈപ്പിടുന്നു.
അതിനുള്ള പദ്ധതി അതോറിറ്റി നിര്‍ദ്ദേശിക്കാത്തതു ആശങ്കകകള്‍ ഉയര്‍ത്തിയിരുന്നു. പീച്ചിയില്‍ നിന്ന് തൃശൂരിലേക്കുള്ള 18.5 കീലോമീറ്ററില്‍ 5 കിലോ മീറ്ററില്‍ പുതിയ 700 എംഎംഡിഐ പൈപ്പ് ലൈന്‍ ഭൂമിക്കടിയില്‍ കിടപ്പുണ്ട്. 13.5 കീലോമീറ്റര്‍ കൂടി പെപ്പിടാനുള്ള സ്ഥലവും ലഭ്യമാണ്. വേണമെങ്കില്‍ ആറ് മാസം കൊണ്ട് കുറഞ്ഞ ചിലവില്‍ പൈപ്പിടാമെങ്കിലും അതിനുള്ള പദ്ധതി തയ്യാറാക്കാന്‍ ഇനിയും തുടങ്ങാത്ത കരുവന്നൂര്‍ പദ്ധതി ചൂണ്ടിക്കാട്ടി അതോറിറ്റി തയ്യാറായിട്ടില്ല.

RELATED STORIES

Share it
Top