കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷവിമര്‍ശനം

കണ്ണൂര്‍: തെരുവോര വ്യാപാരികളോടും ഭവന പുനരുദ്ധാണ പദ്ധതിയിലും മറ്റും ജനങ്ങളോടുമുള്ള ഉദ്യോഗസ്ഥനടപടിയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ രൂക്ഷവിമര്‍ശനം. കൗണ്‍സിലര്‍മാരെല്ലാം ഉദ്യോഗസ്ഥര്‍ക്കെതിരേ ആഞ്ഞടിച്ചപ്പോള്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ജോലിയില്‍ തുടരുന്നതിനെ കുറിച്ചുവരെ ആലോചിക്കേണ്ടി വരുമെന്ന വിധത്തില്‍ വികാരാധീനനായി. 2018-19 വാര്‍ഷിക പദ്ധതിയിലെ കരടുനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കരടുപദ്ധതി രേഖ അംഗീകരിക്കാന്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് സംഭവവികാസങ്ങള്‍.
കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ തെരുവോര കച്ചവടക്കാരെ കോര്‍പറേഷന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പീഡിപ്പിക്കുന്നുവെന്നതാണ് ആദ്യത്തെ ആക്ഷേപത്തിനിടയാക്കിയത്. മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാപാരികളുടെ യോഗത്തിലെ തീരുമാനപ്രകാരം ഇന്റര്‍ലോക്ക് ചെയ്ത സ്ഥലത്ത് പഴം-പച്ചക്കറി വില്‍പന നടത്തുന്നത് തടഞ്ഞതാണു വിഷയം. പഴവര്‍ഗങ്ങളും പച്ചക്കറികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കടത്തിക്കൊണ്ടു പോയെന്നായിരുന്നു ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെയടക്കം ആക്ഷേപം.
യുഡിഎഫിലെ സി എറമുള്ളാനാണ് വിഷയം ഉന്നയിച്ചത്. കൗണ്‍സിലര്‍മാരായ കെ പി എ സലീം, സി സമീര്‍, വെള്ളോറ രാജന്‍, കെ വി ഷാജി തുടങ്ങിയവരെല്ലാം അനുകൂലിച്ചു. പിഴയടച്ചിട്ടും പച്ചക്കറികളും പഴവര്‍ഗങ്ങളും വിട്ടുനല്‍കയില്ലെന്നും കൊടുത്ത സാധനങ്ങളില്‍ കുറവുണ്ടെന്നുമായിരുന്നു ആരോപണം. തെരുവോര കച്ചവടക്കാര്‍ക്ക് എവിടെയൊക്കെയാണ് കച്ചവടം നിരോധിച്ചതെന്നും നിയന്ത്രിച്ചതെന്നും വ്യക്തത വരുത്താത്തതിനാല്‍ കച്ചവടക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍, കൗണ്‍സിലര്‍മാരുടെ പരാമര്‍ശം തെറ്റാണെന്നും മഹസര്‍ തയ്യാറാക്കിയാണ് പിടിച്ചെടുത്തതെന്നും ഒരാളൊഴികെ പിഴയടച്ചവര്‍ക്കെല്ലാം തിരിച്ചുനല്‍കിയെന്നും സെക്രട്ടറി അറിയിച്ചു. കാര്യമറിയാതെ ഉദ്യോഗസ്ഥരെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റിലെ ഇന്റര്‍ലോക്ക് ചെയ്ത ഭാഗത്ത് കച്ചവടം നിരോധിച്ചതാണെന്നു പറഞ്ഞ് മേയര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം നിന്നു.
ഭവന പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കളുടെ വിവരം അടങ്ങിയ ലിസ്റ്റ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കുന്നില്ലെന്നായിരുന്നു മറ്റൊരു പരാതി. 158 ഉപഭോക്താക്കളില്‍ നിന്ന് 82 ഉപഭോക്താക്കള്‍ക്ക് ഒന്നാം ഗഢു നല്‍കിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സോണലുകളിലെ ഉപഭോക്താക്കളെ കുറിച്ച് വിവരങ്ങള്‍ കൃത്യമായി കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയില്ലെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. മേല്‍ ഉദ്യോഗസ്ഥന് മുകളിലായി കീഴ് ഉദ്യോഗസ്ഥന്‍മാര്‍ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ആക്ഷേപം. നികുതിയടക്കാനെത്തുന്നവരെ പോലും പീഡിപ്പിക്കുന്നുവെന്നും വ്യാപാരികളും ജനങ്ങളുമെല്ലാം കൗണ്‍സിലര്‍മാരെ കുറ്റപ്പെടുത്തുകയാണെന്നും അംഗങ്ങള്‍ പറഞ്ഞു. ഇതിനിടെയാണ് കൗണ്‍സിലറും ഉദ്യോഗസ്ഥനും തമ്മില്‍ വാഗ്വാദമുണ്ടായത്. കൗണ്‍സില്‍ യോഗത്തിനു ശേഷം കോണിപ്പടിയിലും വാഗ്വാദം തുടര്‍ന്നു. കൗണ്‍സില്‍ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മൂന്നുദിവസത്തിനകം നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കണമെന്നു എല്‍ഡിഎഫിലെ എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
തളാപ്പ് അമ്പലം റോഡ് മെക്കാഡം ടാറിങിനുള്ള സാങ്കേതിക തടസ്സം നീക്കണമെന്ന് അമൃത ബാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ തുക അനുവദിച്ച റോഡില്‍ കോര്‍പറേഷന് ഇടപെടുന്നതില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്നും മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്‌തെന്നും മേയര്‍ ഇ പി ലത മറുപടി നല്‍കി. ചര്‍ച്ചയില്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, കൗണ്‍സിലര്‍ സുമാ ബാലകൃഷ്ണന്‍, കെ പ്രകാശന്‍, കെ കെ ഭാരതി, എം പി മുഹമ്മദലി, ടി രവീന്ദ്രന്‍ സംസാരിച്ചു.

RELATED STORIES

Share it
Top