കോര്‍പറേഷനിലെ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷസ്ഥാനങ്ങളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്

തിരുവനന്തപുരം: കോര്‍പറേഷനിലെ മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരെ മാറ്റാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന എല്‍ഡിഎഫ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ‘തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നതെങ്കിലും ഹര്‍ത്താലിനെത്തുടര്‍ന്ന് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയാണ് തിരഞ്ഞെടുപ്പ്. എഡിഎമ്മിന്റെ നേതൃത്വത്തിലാകും നടപടിക്രമങ്ങള്‍. സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങള്‍ മാത്രമാണ് പങ്കെടുക്കൂവെന്നുള്ളതിനാല്‍ ഒന്നരമണിക്കൂറിനുള്ളില്‍ മൂന്ന് അധ്യക്ഷരെയും തിരഞ്ഞെടുക്കും. സിപിഎം ഇതുവരെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച ഒഴിവാക്കുന്നതിനായാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് രാവിലെ ജില്ലാ സെക്രട്ടേറിയറ്റും പാര്‍ലമെന്ററി പാര്‍ട്ടിയും ചേര്‍ന്ന് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. മരാമത്ത് സമിതി അധ്യക്ഷ സ്ഥാനത്തേക്ക് എസ് പുഷ്പലതയുടെ പേര് മാത്രമാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പിഎസ് അനില്‍കുമാറിനാണ് സാധ്യതയേറെയും. മണ്ണന്തല വാര്‍ഡ് കൗണ്‍സിലര്‍ എന്‍ അനില്‍കുമാര്‍, ചെല്ലമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എന്‍ സുദര്‍ശനന്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്. ക്ഷേമകാര്യസമിതി അധ്യക്ഷസ്ഥാനത്തേക്ക് മുന്‍ കൗണ്‍സിലുകളില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയായിരുന്നിട്ടുള്ള കെഎസ് ഷീലയെ ആണ് പരിഗണിക്കുന്നത്. പുതുമുഖമെന്ന നിലയ്ക്ക് മെഡിക്കല്‍കോളജ് വാര്‍ഡ് കൗണ്‍സിലര്‍ എസ്എസ് സിന്ധുവിനെയും പരിഗണിക്കുന്നുണ്ട്്. യുഡിഎഫും മത്സരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല. മത്സരിക്കുന്നുണ്ടെങ്കില്‍ മൂന്ന് അധ്യക്ഷസ്ഥാനത്തേക്കും വനിതകളെയാകും യുഡിഎഫ് നിര്‍ത്തുക. ക്ഷേമകാര്യസമിതിയിലേക്ക് കുറവന്‍കോണം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍എസ് മായയാകും മത്സരിക്കുക. വിദ്യാഭ്യാസസമിതി അധ്യക്ഷസ്ഥാനത്തേക്ക് ചന്തവിള വാര്‍ഡ് കൗണ്‍സിലര്‍ എസ് ബിന്ദുവാകും മത്സരിക്കുക. മരാമത്ത് സമിതി അധ്യക്ഷസ്ഥാനത്തേക്ക് മുല്ലൂര്‍ ഓമനയെയാകും യു.ഡിഎഫ് മത്സരിക്കുവാന്‍ നിര്‍ത്തുക. ബിജെപി സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫും ബിജെപിയും മത്സരിക്കുവാന്‍ ഉറച്ച നിലയ്ക്ക് എല്‍ഡിഎഫിനാണ് വിജയസാധ്യത.

RELATED STORIES

Share it
Top