കോര്‍പറേറ്റുകള്‍ക്ക് ഇളവ്;ജനത്തിന് പ്രസംഗം

പൊതുതിരഞ്ഞെടുപ്പിനു മുമ്പുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചത്. ബജറ്റ് പ്രസംഗത്തിലെ കേന്ദ്രബിന്ദു സാധാരണക്കാരും ഗ്രാമീണരും കര്‍ഷകരും ഒക്കെയായിരുന്നുവെന്നത് ശരി; പക്ഷേ, മൊത്തം ഊന്നല്‍ വന്‍കിടക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കുമാണെന്ന് ബജറ്റ് നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര-വിദേശ വന്‍കിട കോര്‍പറേറ്റുകളോടുള്ള പ്രതിബദ്ധത തുടരുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍. കോര്‍പറേറ്റുകള്‍ക്കുള്ള നികുതിയിളവ് മാറ്റമില്ലാതെ തുടരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ഇനങ്ങളിലായി 2.28 ലക്ഷം കോടി രൂപയുടെ നികുതിയിളവാണ് മോദി സര്‍ക്കാര്‍ അനുവദിച്ചത്. ഇതിന്റെ ഗുണഭോക്താക്കള്‍ വന്‍കിട വ്യവസായ സാമ്രാജ്യങ്ങളായിരുന്നു. രാജ്യത്തിന്റെ സ്വത്തില്‍ 73 ശതമാനവും കൈയടക്കിയത് ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരാണെന്ന വസ്തുത ഓക്‌സ്ഫാം ഇന്ത്യ സര്‍വേ പുറത്തുവിട്ടത് ഏതാനും ദിവസം മുമ്പാണ്. എന്നിട്ടും പ്രത്യക്ഷ നികുതികള്‍ വര്‍ധിപ്പിച്ച് സമ്പന്നരില്‍ നിന്നു നികുതി ഈടാക്കാന്‍ ധനമന്ത്രി തയ്യാറായില്ല. സാധാരണക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുംവിധം പരോക്ഷ നികുതികളാണ് വര്‍ധിപ്പിച്ചത്. പണം കണ്ടെത്താനാവാതെ, വാഗ്ദാനം മാത്രമാണ് കേന്ദ്ര ബജറ്റില്‍ കാര്യമായി കാണാനാവുന്നത്. മോദി സര്‍ക്കാരിന്റെ മുഖ്യ പദ്ധതിയായി അവതരിപ്പിച്ചത് 50 കോടി ജനങ്ങള്‍ക്കായി പ്രഖ്യാപിച്ച ആരോഗ്യ പരിരക്ഷാ പദ്ധതിയാണ്. ഈ പദ്ധതിക്കു പണമെവിടെയെന്നു വ്യക്തമല്ല. പദ്ധതിക്ക് വര്‍ഷംതോറും 10,000-12,000 കോടി രൂപ ചെലവു വരുമെന്നായിരുന്നു നീതി ആയോഗ് ഉപദേശകന്‍ അലോക് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍, ഈ പദ്ധതിക്ക് ഏതാണ്ട് ഒരു ലക്ഷം കോടി രൂപ വേണ്ടിവരുമെന്നാണ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസിയുടെ (എന്‍ഐപിഎഫ്പി) എന്ന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അഥവാ നീതി ആയോഗ് പ്രതീക്ഷിക്കുന്നതിന്റെ പത്തിരട്ടി തുക വേണ്ടിവരും. മൊത്തം ചെലവ് 60-40 ശതമാനം അനുപാതത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും വഹിക്കുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഈ പദ്ധതി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വന്‍ ബാധ്യത വരുത്തിവയ്ക്കുമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നുണ്ട്. വന്‍ ചെലവിനൊപ്പം സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന പദ്ധതിയാണിതെന്നും അഭിപ്രായമുണ്ട്. സ്വന്തം ആരോഗ്യ നയം രൂപീകരിക്കാന്‍ സാധിക്കാത്തവിധം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണെന്ന വിമര്‍ശനവും ഉയരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയിലാണ് ബജറ്റില്‍ കാര്യമായി വരുമാനത്തിനു വഴി കാണുന്നത്. മാര്‍ച്ച് 31നകം ഒരു ലക്ഷം കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം 80,000 കോടി രൂപയും വരുമാനം പ്രതീക്ഷിക്കുന്നു. പൊതുമുതല്‍ വിറ്റുതുലയ്ക്കുന്നതിലാണ് നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ മിടുക്കു കാണിക്കുന്നത്. ഇതുവഴി പിന്നാക്ക-ദുര്‍ബല വിഭാഗങ്ങളുടെ ലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണ് നഷ്ടമാവുന്നത്.

RELATED STORIES

Share it
Top