കോരയാര്‍പുഴ നാശത്തിന്റെ വക്കില്‍

കഞ്ചിക്കോട്: കഞ്ചിക്കോട്ടെ ഫാക്ടറികളില്‍ നിന്നുമുള്ള മാലിന്യത്താല്‍ കോരയാര്‍പുഴ നാശത്തിന്റെ വക്കില്‍. ഫാക്ടറിമാലിന്യങ്ങള്‍ക്കു പുറമെ മനുഷ്യവിസര്‍ജ്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കോരയാര്‍പുഴയില്‍ നിറയുകയാണ്. പുഴക്കു സമീപം താമസിക്കുന്ന ഇതരസംസ്ഥാനക്കാര്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക്ക് കവറുകള്‍ എന്നിവ പുതുശ്ശേരി നരകംപുള്ളി പാലം മുതല്‍ കഞ്ചിക്കോട് വരെയുള്ള പുഴയോരത്ത് കുന്നുകൂടുകയാണ്. ഇത്തരത്തില്‍ ടണ്‍ കണക്കിനു മാലിന്യമാണ് കോരയാര്‍പുഴയോരത്തുള്ളത്.
ശക്തമായ മഴ ഉണ്ടാകുമ്പോള്‍ സമീപ പ്രദേശങ്ങളില്‍ നിന്നു മൊഴികിയെത്തുന്ന മാലിന്യം പുഴയില്‍ അടിഞ്ഞുകൂടുകയാണ്. കോരയാരിന്റെ കൈവഴികളിലും മാലിന്യം നിറഞ്ഞതോടെ പുഴയുടെ ഒഴുക്കും നിലച്ച മട്ടാണ്. പുഴയില്‍ പാഴ്‌ചെടികള്‍ നിറഞ്ഞതോടെ തടയണകളും നശിച്ചു. മാസങ്ങള്‍ക്കു മുമ്പ് കോരയാര്‍പുഴയുടെ സംരക്ഷണത്തിനായി കോരയാര്‍ സംരക്ഷണസമിതിയും സന്നദ്ധസംഘടനകളും രംഗത്തു വന്നിരുന്നുവെങ്കിലും പുഴയുടെ അവസ്ഥയില്‍ ഇവര്‍ നിസ്സഹായരാണ്. ഫാക്ടറികളില്‍ നിന്നു മാലിന്യം ഒഴുകുന്നത് കാരണം മീനുകള്‍ ചത്തുപൊങ്ങുന്നതും നിത്യസംഭവമാണ്.
കോരയാര്‍പുഴയുടെ പാര്‍ശ്വഭിത്തികള്‍ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിക്കാന്‍ നടത്തിയ ശ്രമവും സാമൂഹികവിരുദ്ധര്‍ തീയിട്ടുനശിപ്പിച്ചിരുന്നു. പുതുശ്ശേരി, എലപ്പുള്ളി, വടകരപ്പതി എന്നീ പഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസ്സും കൂടിയാണ് കോരയാര്‍പുഴ.

RELATED STORIES

Share it
Top