കോപ്റ്റര്‍ തകര്‍ന്ന് മൂന്നു മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു

മുംബൈ: മുംബൈയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്നു മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു. രണ്ടു പൈലറ്റുമാരും അഞ്ച് ഒഎന്‍ജിസി ജീവനക്കാരുമായി പോയ പവന്‍ഹാന്‍സ് വിഭാഗത്തില്‍പ്പെട്ട കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ജൂഹു വിമാനത്താവളത്തില്‍ നിന്ന് ഒഎന്‍ജിസി നോര്‍ത്ത് ഫീല്‍ഡ് ഓയില്‍ റിഗിലേക്ക് പോയ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു.
കോതമംഗലം പെരുമ്പിള്ളിച്ചിറ വീട്ടില്‍ ജോസ് ആന്റണി, തൃശൂര്‍ സ്വദേശി പി എന്‍ ശ്രീനിവാസന്‍(59), ചാലക്കുടി സ്വദേശി വി കെ ബിന്ദുലാല്‍ ബാബു (49) എന്നിവരാണ് മരിച്ച മലയാളികള്‍. ഒഎന്‍ജിസിയില്‍ പ്രൊഡക്ഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരാണ് മൂവരും. ഒഎന്‍ജിസി ഡിജിഎം പങ്കജ് ഗര്‍ഗേയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ജൂഹുവില്‍ നിന്ന് 10.58ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററുമായുള്ള ബന്ധം 15 മിനിറ്റിനകം തന്നെ നഷ്ടമായി. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലില്‍ മഹാരാഷ്ട്രയിലെ ദഹാനുവില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയത്.
2005ല്‍ ബോംബെ ഹൈയിലുണ്ടായ 22 പേര്‍ കൊല്ലപ്പെട്ട തീപ്പിടിത്തത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടയാളാണ് ഇന്ന് മരിച്ചവരിലൊരാളായ  ബിന്ദുലാല്‍ ബാബു.
കൊല്ലപ്പെട്ട ജോസ് ആന്റണിയുടെ ഭാര്യ റാണി. രശ്മിത റോസി ജോസ്, റിനിത റോസി ജോസ് എന്നിവരാണ് മക്കള്‍. ബിന്ദുലാല്‍ ബാബു  25 വര്‍ഷമായി മുംബൈയില്‍ സ്ഥിരതാമസമാണ്. റിട്ട. അധ്യാപകന്‍ ചേനത്തുനാട് വലിയപറമ്പില്‍ പരേതനായ കുട്ടപ്പന്റെയും റിട്ട. അധ്യാപിക പരേതയായ നാരായണിയുടെയും മകനാണ്. ഭാര്യ: ഡോ. ഷൈനി. മക്കള്‍: വിഭാഷ, സുശാന്ത്. സഹോദരങ്ങള്‍: ശ്യാം ബാബു, അജിത് ബാബു, മഹേഷ് ബാബു.
പി എന്‍ ശ്രീനിവാസന്‍ തൃശൂര്‍ പുഴയ്ക്കല്‍ ശോഭാ സിറ്റിയിലാണ് താമസം. പൂങ്കുന്നം എംജി റോഡില്‍ പൂക്കാട്ടുപറമ്പില്‍ നാരായണനെഴുത്തച്ഛന്റെ മകനാണ്. ഭാര്യ: ജയശ്രീ. മക്കള്‍: അര്‍ജുന്‍ കിരണ്‍, ഐശ്വര്യ. അമ്മ: പരേതയായ അംബുജാക്ഷി. എല്ലാവരും മുംബൈയിലാണ് താമസം. സഹോദരങ്ങള്‍: ശാന്ത, കൃഷ്ണന്‍കുട്ടി, രുഗ്മിണി, സുരേന്ദ്രന്‍, ലളിത, രാധാമണി, പ്രസന്ന.

RELATED STORIES

Share it
Top