കോപ്പാലാശാനെ വീഴ്ത്തി ഗോവ പ്ലേ ഓഫില്‍
ജംഷഡ്പൂര്‍: ഐഎസ്എല്ലിന്റെ ഈ സീസണിലെ ജംഷഡ്പൂരിന്റെ സ്വപ്‌നങ്ങളുടെ ചിറകരിഞ്ഞ് എഫ്‌സി ഗോവ പ്ലേ ഓഫില്‍. സ്വന്തം തട്ടകത്തില്‍ വാനോളം വിജയ പ്രതീക്ഷകളുമായി ബൂട്ടണിഞ്ഞ ജംഷഡ്പൂരിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഗോവ തകര്‍ത്തുവിട്ടത്.
സ്വന്തം കളിത്തട്ടില്‍ 4-2-3-1 ഫോര്‍മാറ്റില്‍ ബൂട്ടണിഞ്ഞ ജംഷഡ്പൂരിനെ അതേ നാണയത്തില്‍ത്തന്നെയാണ് ഗോവ നേരിട്ടത്. കൡതുടങ്ങി ഏഴാം മിനിറ്റില്‍ത്തന്നെ ജംഷഡ്പൂരിന്റെ വിധി കുറിക്കപ്പെട്ടു. ഏഴാം മിനിറ്റില്‍ ജംഷഡ്പൂര്‍ ഗോള്‍കീപ്പര്‍  സുബ്രതാ പോള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതാണ് ജംഷഡ്പൂരിന് തിരിച്ചടിയായത്.  പെനല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് ബോള്‍ കൈകൊണ്ട് തടുത്തിനാണ് സുബ്രതാ പോളിന് ചുവപ്പു ലഭിച്ചത്.
തുടക്കത്തിലേ തന്നെ 10 പേരായി ചുരുങ്ങിയ ജംഷഡ്പൂരിന്റെ പിഴവുകളെ ഗോവന്‍ നിര നന്നായി മുതലെടുത്തപ്പോള്‍ മൂന്നുവട്ടം ജംഷഡ്പൂര്‍ ഗോള്‍പോസ്റ്റില്‍ പന്ത് കയറി. 29ാം മിനിറ്റില്‍ ഗോവയുടെ സൂപ്പര്‍ താരം കോറോയാണ് ഗോവയുടെ അക്കൗണ്ട് തുറന്നത്. ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു ഗോവയുടെ ഗോള്‍ നേട്ടം. ആദ്യ പകുതിയില്‍ 1-0ന്റെ ലീഡും നിലനിര്‍ത്തിയാണ് ഗോവന്‍ നിര മൈതാനം പിരിഞ്ഞത്.
രണ്ടാം പകുതിയുടെ 51ാം മിനിറ്റില്‍ ഗോവ അക്കൗണ്ടില്‍ രണ്ടാം ഗോളും ചേര്‍ത്തു. ഇത്തവണ ലാന്‍സറോട്ട അസിസ്റ്റ് നല്‍കിയപ്പോള്‍ കോറയുടെ കാലുകള്‍ വീണ്ടും ലക്ഷ്യം കണ്ടു. ആതിഥേയരായ ജംഷഡ്പൂരിന് ഒരവസരവും നല്‍കാതെ പന്ത് തട്ടിയ ഗോവന്‍ നിര 69ാം മിനിറ്റില്‍ ലീഡ് 3-0മാക്കി ഉയര്‍ത്തി. ഇത്തവണ കോറോ അസിസ്റ്റ് നല്‍കിയപ്പോള്‍ ലാന്‍സോറോട്ട ലക്ഷ്യം കണ്ടു. 75ാം മിനിറ്റില്‍ ഗോവന്‍ ഗോളി നവീന്‍ കുമാറിനും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നു. പെനല്‍റ്റി ബോക്‌സിന് പുറത്തുനിന്നു പന്ത് പിടിച്ചതിന് തന്നെയാണ് നവീനും ചുവപ്പുകാര്‍ഡ് ലഭിച്ചത്.
പിന്നീടുള്ള സമയത്ത് ഗോവന്‍നിരയും 10 പേരായി ചുരുങ്ങിയെങ്കിലും തിരിച്ചടിക്കാനുള്ള കെല്‍പ്പ് ജംഷഡ്പൂരിനുണ്ടായില്ല. പന്തടക്കത്തിലും ഗോള്‍ശ്രമങ്ങളിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഗോവ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-0ന്റെ ജയവും അക്കൗണ്ടിലാക്കി. തോല്‍വിയോടെ പ്ലേ ഓഫ് കാണാതെ പുറത്തുപോയെങ്കിലും 18 മല്‍സരങ്ങളില്‍ നിന്ന് 26 പോയിന്റുകളുമായി അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ ജംഷഡ്പൂര്‍ സൂപ്പര്‍ കപ്പിന് യോഗ്യത നേടി. ജയത്തോടെ 10 മല്‍സരങ്ങളില്‍ നിന്ന് 30 പോയിന്റുകളുള്ള ഗോവ പ്ലോ ഓഫിലേക്ക് കുതിച്ചു.
40 പോയിന്റുള്ള ബംഗളൂരുവും 32 പോയിന്റുള്ള ചെന്നൈയിനും 30 പോയിന്റുകളുള്ള ഗോവയുമാണ് പ്ലേ ഓഫില്‍ കടന്ന മറ്റുടീമുകള്‍. സെമി ഫൈനലില്‍ രണ്ടാം സ്ഥാനക്കാരായ ചെന്നൈയിനാണ് ഗോവയുടെ എതിരാളികള്‍.

RELATED STORIES

Share it
Top