കോപ്പലാശാന്‍ ഇനി എടികെയെ കളി പഠിപ്പിക്കുംന്യൂഡല്‍ഹി:  മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ എടികെയുടെ പരിശീലകനായി ചുമതലയേറ്റു. നേരത്തെ തന്നെ കോപ്പലാശാന്‍ എടികെയുമായി കരാറിലെത്തിയെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇന്നലെയാണ് കൊല്‍ക്കത്തന്‍ ടീം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അവസാന ഒരാഴ്ചയായി കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്ന സ്റ്റീവ് കോപ്പലുമായി നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ക്ലബും പരിശീലകനും കരാറില്‍ ഒപ്പുവെക്കുകയായിരുന്നു.  ഇക്കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ജംഷഡ്പൂര്‍ എഫ് സിയുടെ പരിശീലകനായിരുന്നു.
കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രണ്ടു തവണ ചാംപ്യന്‍മാരായ എടികെ കാഴ്ച വച്ചത്. മൂന്നു പരിശീലകരെയാണ് കഴിഞ്ഞ തവണ കൊല്‍ക്കത്ത പരീക്ഷിച്ചത്. എന്നിട്ടും ഫലമൊന്നും ഉണ്ടായില്ല. 18 മല്‍സരങ്ങളില്‍ നിന്ന് നാല് ജയം മാത്രം നേടിയ അവര്‍ പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു. കോച്ച് ടെഡി ഷെറിങ്ഹാം ക്ലബ് വിട്ടതിന് ശേഷം സൂപ്പര്‍ താരം റോബി കീനെ പ്ലെയര്‍ മാനേജറായി എടികെ നിയമിച്ചിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ കോപ്പലിനെ പരിശീലകനാക്കാന്‍ എടികെ തീരുമാനിക്കുകയായിരുന്നു.
2016ലാണ് കോപ്പലാശാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അന്ന് ടീമിനെ ഫൈനലിലേക്ക് നയിച്ചു. നാലാം സീസണില്‍ പുതുമുഖങ്ങളായി എത്തിയ ജംഷഡ്പൂര്‍ എഫ്‌സിയെ അഞ്ചാം സ്ഥാനത്തെത്തിക്കുന്നതിലും കോപ്പല്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കുന്ന ശൈലിയാണ് ഇംഗ്ലണ്ടുകാരനായ കോപ്പലിന്റേത്. ക്രിസ്റ്റല്‍ പാലസ്, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ വമ്പന്‍ ക്ലബുകളെയും കോപ്പല്‍ കളി പഠിപ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top