കോപ്പലാശാന്റെ ടീമിനും സമനിലശാപം: ജംഷഡ്പൂര്‍ മുംബൈ സമാസമംജംഷഡ്പൂര്‍:  ഇന്നലെ ജംഷഡ്പൂരിന്റെ തട്ടകത്തില്‍ വിജയം മുംബൈക്കും ജംഷഡ്പൂരിനും മാറി മറിഞ്ഞ മല്‍സരത്തില്‍ ഇരുകൂട്ടരും 2-2ന്റെ സമനിലയോടെ ബൂട്ടഴിക്കേണ്ടി വന്നു. ഇരുടീമിലെയും മുന്നേറ്റ താരങ്ങള്‍ ഇരട്ടഗോളോടെ നിറഞ്ഞാടിയപ്പോള്‍ മല്‍സരം ആവേശത്തിലിരമ്പി. ആതിഥേയര്‍ക്ക് വേണ്ടി നൈജീരിയന്‍ മുന്നേറ്റ താരം ഇസു അസൂക്ക(43,45) ഇരട്ടഗോള്‍ സമ്മാനിച്ചപ്പോള്‍ മുംബൈ നിരയില്‍ ടി സാന്റോസ്(24,71) ഇരട്ടഗോളുമായി തിളങ്ങി. കളി തുടങ്ങി പതിവു പോലെ കസറിക്കളിച്ച ജംഷഡ്പൂരിന് നിരവധി ഗോളടിയവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ആതിഥേയര്‍ക്കായില്ല. പക്ഷേ, 24ാം മിനിറ്റില്‍ സാന്റോസ് സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചു. ബ്രസീല്‍ താരം ഇമ്മാനുവല്‍ സാന്റോസിന്റെ മികച്ച അസിസ്റ്റിലായിരുന്നു ആ ഗോള്‍. പിന്നീട് കൂടുതല്‍ ആര്‍ജവത്തോടെ കളിച്ച ജംഷഡ്പൂരിന്റെ ആദ്യ ഗോള്‍ ഇസു അസൂക്കയിലൂടെ 43ാം മിനിറ്റില്‍ പിറന്നു. രണ്ട് മിനിറ്റുകള്‍ക്കകം അസൂക്ക തന്റെ രണ്ടാം ഗോളും സ്വന്തമാക്കിയപ്പോള്‍ ജംഷഡ്പൂര്‍ 2-1ന്റെ ലീഡ് നേടി. പിന്നീട്  രണ്ടാം പകുതിയിലെ 71 ാം മിനിറ്റില്‍ സാന്റോസ് ഒരിക്കല്‍കൂടി ജംഷഡ്പൂരിന്റെ വല ചലിപ്പിച്ചപ്പോള്‍ മല്‍സരം 2-2ന്റെ സമനിലയിലായി. പിന്നീട് ഗോളുകളൊന്നും പിറക്കാതെ വന്നപ്പോള്‍ ഇരുവരും സമനിലയുമായി കളം പിരിയുകയായിരുന്നു. സമനിലയോടെ മുംബൈ നാലാം സ്ഥാനത്തേക്കും ജംഷഡ്പൂര്‍ ആറാം സ്ഥാനത്തേക്കും ഉയര്‍ന്നു.

RELATED STORIES

Share it
Top