കോന്നി ഡിസ്ട്രിബ്യൂഷന്‍ കനാലിലൂടെ 10നകം വെള്ളം തുറന്നുവിടും

സ്വന്തം ലേഖകന്‍

കോന്നി: വരള്‍ച്ച അതിരൂക്ഷമായതോടെ കോന്നി മേഖലയില്‍ കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കോന്നി ഡിസ്ട്രിബ്യൂഷന്‍ കനാലിലൂടെ ഈമാസം 10നകം വെള്ളം തുറന്നുവിടും. കനാല്‍ വൃത്തിയാക്കുന്നതില്‍ കാലതാമസം നേരിട്ടതോടെ ഇതുവരേയും കനാലിലൂടെ വെള്ളം തുറന്നുവിട്ടിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അടൂര്‍ പ്രകാശ് എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടിയിലാണ് 10നകം വെള്ളം തുറന്നുവിടുമെന്ന് മന്ത്രി മാത്യു ടി തോമസ് ഉറപ്പുനല്‍കിയത്.  ഇതോടെ കലഞ്ഞൂര്‍, അരുവാപ്പുലം, കോന്നി, പ്രമാടം മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ഏറെക്കുറെ പരിഹാരമാവും. വരള്‍ച്ചയുടെ കാഠിന്യം കണക്കിലെടുത്ത് കനാലുകളിലൂടെ വെള്ളമെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കെഐപിയുടെ വലതുകര, ഇടതുകര കനാലുകള്‍ ജനുവരി അവസാനത്തോടെ തുറന്നിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി പ്രകാരം പഞ്ചായത്തിന്റെ ചുമതലയിലാണ് മുന്‍കാലങ്ങളില്‍ ഡിസ്ട്രിബ്യൂഷന്‍ കനാലുകള്‍ വൃത്തിയാക്കിയിരുന്നത്. ഇപ്രാവശ്യം ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. അതുപരിഹരിച്ച് കോന്നി ഡിസ്ട്രിബ്യൂഷന്‍ കനാലിന്റെ മെയിന്റനന്‍സ് നടന്നുവരികയാണ്. ഈമാസം 10ന് മുമ്പായി ഡിസ്ട്രിബ്യൂഷന്‍ കനാലിലൂടെ വെള്ളമെത്തിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.  അതിരൂക്ഷമായ വരള്‍ച്ച മൂലം മലയോര മേഖലയായ കോന്നിയിലെ ജനങ്ങള്‍ രണ്ടും മൂന്നും കിലോമീറ്റര്‍ മലയിറങ്ങി വെള്ളം കൊണ്ടുപോവേണ്ട സ്ഥിതിയിലാണെന്ന് അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി. പലയിടത്തും വലിയ വിലനല്‍കി വാഹനങ്ങളിലാണ് വെള്ളമെത്തിക്കുന്നത്. ഇതിനു താല്‍ക്കാലിക പരിഹാരമെന്നോണം കെഐപി കനാല്‍ തുറന്നുവിട്ട് വെള്ളമെത്തിക്കുകയാണ് പതിവ്. വെള്ളം തുറന്നുവിടണമെങ്കില്‍ നിലവിലുള്ള കോന്നി ഡിസ്ട്രിബ്യൂഷന്‍ കനാല്‍ വൃത്തിയാക്കേണ്ടതുണ്ട്. പഞ്ചായത്തുകള്‍ കനാല്‍ വൃത്തിയാക്കാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ യാതൊരുവിധ സഹായവും വകുപ്പില്‍ നിന്നും ലഭിക്കാതെ വന്നതോടെ ഈ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ പഞ്ചായത്തുകള്‍ വിമുഖത കാട്ടുകയാണ്. ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുതന്നെ പണികള്‍ക്കായി ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങിയെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. വരള്‍ച്ച മുന്നില്‍ക്കണ്ട് ഡിസ്ട്രിബ്യൂഷന്‍ കനാല്‍ വൃത്തിയാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അടിയന്തരമായി പ്രവൃത്തികള്‍ പൂര്‍ത്തികരീച്ച് വെള്ളം തുറന്നുവിട്ടാല്‍ കലഞ്ഞൂര്‍, അരുവാപ്പുലം, കോന്നി, പ്രമാടം പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ആശ്വാസമാവുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top