കോന്നി കേന്ദ്രീയ വിദ്യാലയത്തിന്റെ ഭാവിയില്‍ ആശങ്ക തുടരുന്നു

കോന്നി: കോന്നിക്ക് അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം ഉടലെടുത്തതോടെ വിദ്യാലയത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍. കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളായ ആന്റോ ആന്റണി എംപിയും അടൂര്‍ പ്രകാശ് എംഎല്‍എയുമാണ് കേന്ദ്രീയ വിദ്യാലയത്തെച്ചൊല്ലി കൊമ്പുകോര്‍ക്കുന്നത്. കോന്നിക്ക് അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപി സ്‌കൂളില്‍ ഈ അധ്യയനവര്‍ഷം ആരംഭിക്കണമെന്നാണ് നിര്‍ദേശം.
ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലേക്ക് 30 ദിവസത്തിനുള്ളില്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി അധ്യയനം തുടങ്ങണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ 11ന് കേന്ദ്രീയ വിദ്യാലയം ജോ. കമ്മീഷണറാണ് ഉത്തരവിറക്കിയത്. കേന്ദ്രീയ വിദ്യാലയം കോന്നിയില്‍ വന്നാല്‍ അതിന്റെ ക്രെഡിറ്റ് എംപിക്ക് പോവുമെന്ന ഭയം എംഎല്‍എയ്ക്കുണ്ടെന്ന ആരോപണം ശക്തമാണ്. മണ്ഡലത്തിലെ വികസനങ്ങളുടെ കുത്തക എംഎല്‍എ കൈവശപ്പെടുത്തി വച്ചിരിക്കുകയാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. ഇക്കാരണത്താലാണ് കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭിക്കേണ്ട വിദ്യാലയത്തിന് താല്‍ക്കാലിക സംവിധാനം ഒരുക്കാന്‍ എംഎല്‍എ തയ്യാറാവാതിരുന്നതെന്നും ആക്ഷേപമുണ്ട്.
കോന്നി മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ട കേന്ദ്രീയ വിദ്യാലയം മറ്റ് സ്ഥലത്തേക്ക് മാറ്റിക്കൊണ്ടു പോവാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. എംഎല്‍എ നിര്‍ദേശിക്കുന്ന സ്ഥലങ്ങള്‍ എംപിക്കും എംപി നിര്‍ദേശിക്കുന്ന സ്ഥലങ്ങള്‍ എംഎല്‍എയ്ക്കും സ്വീകാര്യമാവുന്നില്ല. തീരുമാനം നീണ്ടുപോയ സാഹചര്യത്തിലാണ് കേന്ദ്രീയവിദ്യാലയം അധികൃതര്‍ സ്‌കൂള്‍ ഉടന്‍ തുടങ്ങണമെന്ന ഉത്തരവ് പുറത്തിറക്കിയത്.
ജില്ലയില്‍ എവിടെയെങ്കിലും സ്‌കൂള്‍ സ്ഥാപിക്കണമെന്ന നിലപാടാണ് ഇപ്പോള്‍ എംപിക്കുള്ളത്. എംഎല്‍എയുടെ തണുപ്പന്‍ സമീപനത്തോട് കോണ്‍ഗ്രസിലും മുറുമുറുപ്പ് ശക്തമാണ്. മറ്റ് വികസന പ്രവര്‍ത്തനങ്ങളില്‍ എംഎല്‍എ കാണിച്ചിരുന്ന താല്‍പര്യങ്ങള്‍ ഈ വിഷയത്തില്‍ കാണിക്കാത്തതും ചോദ്യം ചെയ്യപ്പെടുന്നു. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനോടനുബന്ധിച്ചുള്ള കെട്ടിടങ്ങള്‍ ഇതിനായി ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായിട്ടും ഗ്രൂപ്പ് വൈര്യത്തിന്റെ പേരില്‍ പദ്ധതി മുടക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രതിഷേധത്തിലാണ്. പദ്ധതി നഷ്ടപ്പെട്ടാല്‍ ഡിസിസിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് ബാബു ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയം യാഥാര്‍ഥ്യമാക്കുന്നതിന് കഴിഞ്ഞ വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപി സ്‌കൂളില്‍ കേന്ദ്രീയവിദ്യാലയം ആരംഭിക്കുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. ഈ സാഹചര്യത്തില്‍ അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് വിഎച്ച്എസ്എസിലെ കെട്ടിടത്തില്‍ ക്ലാസ് ആരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
കലക്ടറും എംഎല്‍എയും അട്ടച്ചാക്കല്‍ സ്‌കൂളിലെത്തി സ്ഥപരിശോധന നടത്തിയ ശേഷം നാല് കെട്ടിടങ്ങളില്‍ രണ്ടെണ്ണം ഉപയോഗപ്പെടുത്താമെന്ന് തീരുമാനിച്ചിട്ടുണ്ട്. 20 ദിവസം കൊണ്ട് അറ്റകുറ്റപ്പണി നടത്താന്‍ നിര്‍മിതി കേന്ദ്രത്തിലെ പ്രോജക്ട് മാനേജര്‍ എസ് അനിലിനെ ചുമതലപ്പെടുത്തിയെങ്കിലും രണ്ടുദിവസമായിട്ടും പണി തുടങ്ങിയിട്ടില്ല. എന്നാല്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂ.

RELATED STORIES

Share it
Top