കോന്നിയില്‍ കര്‍ഷകരെ കണ്ണീരിലാക്കി കാട്ടുപന്നികള്‍

കോന്നി: കോന്നിയുടെ കിഴക്കന്‍ മലയോര മേഖലകളില്‍ കാട്ടുപന്നി ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷി നാശം വ്യാപകമാവുന്നു. കഴിഞ്ഞ രാത്രി ഐരവണ്‍ അലുംമൂട്ടില്‍ വേണുകുമാര്‍ ,ഹരിദാസ് കര്‍ഷകരുടെ 100 ഓളം ഏത്തവാഴകള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചു.
വാഴകള്‍ സംരക്ഷിക്കുന്നതിനായി ഇവര്‍ സ്ഥാപിച്ച മുള്ളുവേലി തകര്‍ക്കാണ് കാട്ടുപന്നികള്‍ കൂട്ടമായി കൃഷിയിടത്തില്‍ ഇറങ്ങിയത്. കര്‍ഷകര്‍ വായ്പ്പയെടുത്ത് ഓണം വിപണി ലക്ഷ്യമാക്കി നടത്തിയ ഏത്തവാഴ കൃഷിയാണ് ഭാഗികമായി നശിച്ചത്. മൂന്ന് മാസം പ്രായമുള്ള 1500 ഓളം വാഴകളാണ് ഈ കൃഷിയിടത്തില്‍ ഉള്ളത്. ഇതില്‍ 100 വാഴകള്‍ കഴിഞ്ഞ ദിവസം കാട്ടുപന്നികള്‍ തിന്ന് തീര്‍ത്തു.
കൃഷിയുടെ സംരക്ഷണ വേലി തകര്‍ന്നതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും പന്നികള്‍ കൃഷിയിടത്തിലിറങ്ങാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് കര്‍ഷകര്‍. വാഴ വിത്തുകള്‍ നട്ട് വളം ചെയതും ജലസേചനം നടത്തിയും ഇത്രനാളും സംരക്ഷിച്ചതിന് വലിയ തുക ചെലവ് വന്നതായി വേണുകുമാര്‍ പറഞ്ഞു. വന്യ മൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ തുച്ഛമായ തുക മാത്രമാണ് വനം വകുപ്പ് നഷ്ടപരിഹാരം നല്‍കുന്നതെന്നും വേണുകുമാര്‍ പരാതിപ്പെട്ടു. കാലാവസ്ഥയിലുള്ള വെതിയാനവും രൂക്ഷമായ വന്യമൃഗ ശല്യവും കാരണം കര്‍ഷകര്‍ കാര്‍ഷിക വൃത്തി ഉപേക്ഷിക്കുന്ന അവസ്ഥയാണ് മലയോര മേഖലയിലുള്ളത്.

RELATED STORIES

Share it
Top