സംസ്ഥാന കോളജ് ഗെയിംസ്: കോതമംഗലം എംഎ കോളജ് ചാംപ്യന്‍മാര്‍കോഴിക്കോട്്: കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച കോളജ് ഗെയിംസില്‍ എംഎ കോളജ് കോതമംഗലം 22 പോയിന്റുകളോടെ ഓവറോള്‍ കിരീടം നേടി. വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എയില്‍ നിന്നും ഓവറോള്‍ ചാംപ്യന്‍മാര്‍ക്കുള്ള രാജീവ് ഗാന്ധി ട്രോഫിയും ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും ടീം അംഗങ്ങള്‍ ഏറ്റുവാങ്ങി. 16 പോയിന്റുകള്‍ നേടിയ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, ശ്രീകേരള വര്‍മ്മ കോളജ് തൃശൂര്‍, ഗുരുവായൂരപ്പന്‍ കോളജ് കോഴിക്കോട് എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ബസേലിയോസ് കോളജ് കോട്ടയം, മാര്‍ ഇവാനിയോസ് കോളജ് തിരുവനന്തപുരം എന്നിവ 12 പോയിന്റുകളോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമ്മാനദാന ചടങ്ങില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ അധ്യക്ഷത വഹിച്ചു. പുരുഷ വിഭാഗം അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലും ഒന്നാം സ്ഥാനവും വനിതകളുടെ അത്‌ലറ്റിക്‌സില്‍ മൂന്നാം സ്ഥാനവും നേടിയാണ് എംഎ കോളജ് കോതമംഗലം ഓവറോള്‍ കിരീടം ചൂടിയത്. പുരുഷവിഭാഗം അത്‌ലറ്റിക്‌സില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട രണ്ടും എസ് ബി കോളജ് ചങ്ങനാശ്ശേരി മൂന്നാം സ്ഥാനവും സ്വന്തമാക്കി. ബാസ്‌കറ്റ്‌ബോള്‍ പുരുഷവിഭാഗത്തില്‍ മാര്‍ ഇവാനിയോസ് കോളജ് തിരുവനന്തപുരം, കേരള വര്‍മ്മ കോളജ് തൃശൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. ബാസ്‌കറ്റ്‌ബോള്‍ വനിതാ വിഭാഗത്തില്‍ കോഴിക്കോട് പ്രൊവിഡന്‍സ് വുമന്‍സ് കോളജ്  ജേതാക്കളായി. സെന്റ് ജോസ്ഫ് കോളജ് ഇരിങ്ങാലക്കുടക്കാണ് രണ്ടാം സ്ഥാനം.

RELATED STORIES

Share it
Top