കോണ്‍വെന്റില്‍ പീഡനം;പോലിസ് കേസെടുത്തു

കൊച്ചി: കോണ്‍വെന്റില്‍ പീഡനമെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍  പോലിസ്  കേസെടുത്തു. പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോണ്‍വെന്റ് അധിതര്‍ക്കെതിരെയാണ് എറണാകുളം കടവന്ത്ര പോലിസ് കേസെടുത്തത്. കോണ്‍വെന്റിലെ പീഡനങ്ങള്‍ സഹിക്കവയ്യാതെ അന്തേവാസികളായ കുട്ടികള്‍ വെള്ളിയാഴ്ച രാത്രി പത്തോടെ കോണ്‍വെന്റില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലിസുമെത്തിയാണ് ഇവരെ തിരിച്ച് കോണ്‍വെന്റിലെത്തിച്ചത്. നിര്‍ധന കുടുംബങ്ങളിലെ 24 പെണ്‍കുട്ടികളാണ് കോണ്‍വെന്റില്‍ താമസിക്കുന്നത്. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നവരാണിവര്‍. തങ്ങള്‍ക്ക് സമയത്തിന് ഭക്ഷണം നല്‍കാറില്ലെന്ന് കുട്ടികള്‍ പോലിസിനോട് പറഞ്ഞു. പലപ്പോഴും ദേഹോപദ്രവും ചീത്തവിളിയും പതിവാണെന്നും കുട്ടികള്‍ പറഞ്ഞു. കൊതുകു കടി രൂക്ഷമായിട്ടും ഫാന്‍ ഇടാന്‍ സമ്മതിക്കാറില്ല. പരാതിപ്പെട്ടാല്‍ ഭക്ഷണം നിഷേധിക്കും. പീഡനങ്ങള്‍ രൂക്ഷമായതോടെയാണ്  രാത്രി കോണ്‍വെന്റില്‍ നിന്നും ഇറങ്ങിയതെന്ന് കുട്ടികള്‍ പോലിസിനോട് പറഞ്ഞു. അന്തേവാസികളായ 20 കുട്ടികളാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ പെണ്‍കുട്ടികള്‍ തങ്ങളുടെ കൂട്ടുകാരിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അവരുടെ രക്ഷിതാക്കളും നാട്ടുകാരുമെത്തി. കടവന്ത്ര പോലിസും സ്ഥലത്തെത്തി പെണ്‍കുട്ടികളെ അനുനയിപ്പിച്ച് കോണ്‍വെന്റിലെത്തിച്ചു. കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍വെന്റ് അധികൃതര്‍ക്കെതിരേ കേസെടുത്തതായി എസ്‌ഐ വിജയശങ്കര്‍ പറഞ്ഞു. ആറ് പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയതായും  എസ്‌ഐ  പറഞ്ഞു.

RELATED STORIES

Share it
Top