കോണ്‍ഗ്രസ് സഹകരണം: കരട് പ്രമേയത്തില്‍ ഭിന്നത രൂക്ഷം

ഹൈദരാബാദ്: രാഷ്ട്രീയപ്രമേയത്തിന്റെ കരടില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷം. കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച കാരാട്ട്-യെച്ചൂരി പക്ഷ ഭിന്നതയാണ് ഹൈദരാബാദില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയിലും പ്രതിഫലിച്ചത്. ബിജെപിയെ വീഴ്ത്താന്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കണമെന്ന ഉറച്ച നിലപാടിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും. ഇക്കാര്യം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും.
എന്നാല്‍, ഇതിനെതിരായി കോണ്‍ഗ്രസ്സുമായി യാതൊരു സഹകരണവും പാടില്ലെന്ന ഔദ്യോഗിക കരടു നയം പിബി അംഗം പ്രകാശ് കാരാട്ടും അവതരിപ്പിക്കും. യെച്ചൂരിയും ബംഗാള്‍ ഘടകവും സമാന നിലപാടുള്ള മറ്റു നേതാക്കളും ഇതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തും. ഇന്നലെ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, വിഷയം പൊട്ടിത്തെറിയിലേക്കു നീങ്ങുന്നത് ഒഴിവാക്കാന്‍ സമവായനീക്കവും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മണിക് സര്‍ക്കാര്‍ സമവായശ്രമങ്ങളുമായി കാരാട്ട്, യെച്ചൂരി പക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗീകരിച്ചതാണ് പ്രകാശ് കാരാട്ട് തയ്യാറാക്കിയ കരട് രേഖ. കോണ്‍ഗ്രസ് സഖ്യമെന്നത് മുമ്പു മൂന്നുതവണ കേന്ദ്രകമ്മിറ്റിയിലും ഒപ്പം പോളിറ്റ്ബ്യൂറോയിലും ചര്‍ച്ചചെയ്തിരുന്നു. കൂടാതെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയില്‍ വോട്ടിനിടുകയും ചെയ്തിരുന്നു. ഇതിലെല്ലാം യെച്ചൂരി പക്ഷത്തിന് തിരിച്ചടിയാണ് ഉണ്ടായത്. അതേ ബദല്‍ രേഖയാണ് യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വീണ്ടും അവതരിപ്പിക്കാന്‍ പോവുന്നത്. ഇത്തരത്തില്‍ ജനറല്‍ സെക്രട്ടറി തന്നെ പാര്‍ട്ടി അംഗീകരിച്ച കരടു രേഖയ്‌ക്കെതിരായി ഒരു ബദല്‍രേഖയുമായി മുന്നോട്ടുവരുന്നതു തന്നെ ആദ്യമായാണ്.  കരട് രാഷ്ട്രീയനയം അംഗീകരിച്ചാണ് നേതാക്കള്‍ ഹൈദരാബാദിലെത്തിയതെങ്കിലും ചെറിയ വിട്ടുവീഴ്ചകളെങ്കിലും ഇക്കാര്യത്തിലുണ്ടാവുമെന്ന പ്രതീക്ഷയിലാണു യെച്ചൂരി.
കരടു നയത്തില്‍ തമിഴ്‌നാടും കര്‍ണാടകയും ബംഗാളും തെലങ്കാനയും അടക്കമുള്ള സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട വിശാല സഖ്യമെന്ന നിലപാടിനെ ഭാഗികമായി പിന്തുണച്ചവരാണ്. കോണ്‍ഗ്രസ്സുമായി ഒരു സഖ്യവും വേണ്ടെന്ന നിലപാടാണ് ത്രിപുര ഘടകം നേരത്തേ സ്വീകരിച്ചിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ അവരും നിലപാട് മയപ്പെടുത്തുമെന്ന് ഉറപ്പാണ്. ഇതാണ് യെച്ചൂരിക്ക് പ്രതീക്ഷ നല്‍കുന്നത്.
അതേസമയം, കോണ്‍ഗ്രസ് സഹകരണത്തിന്റെ കാര്യത്തില്‍ യെച്ചൂരിക്കൊപ്പമാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുമ്പ് വി എസ് അച്യുതാനന്ദന്‍ പരസ്യമാക്കിക്കഴിഞ്ഞു; എതിര്‍ചേരിയിലാണെന്ന് സംസ്ഥാന സെക്രട്ടറിയും. ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് ബന്ധം ആവശ്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുന്നണി ഉണ്ടാക്കാതെ ബിജെപി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കും. ഇതിന് സഹായകമായ അടവുനയത്തിന് രൂപം നല്‍കും. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കോണ്‍ഗ്രസ് സഹകരണത്തിനുള്ള തീരുമാനമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്റെ മാത്രമല്ല, രാജ്യത്തെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ദിശയും ഭാവിയും ഹൈദരാബാദിലെ അഞ്ചുദിവസത്തെ ചര്‍ച്ചകളെയും തീരുമാനങ്ങളെയും ആശ്രയിച്ചായിരിക്കും.

RELATED STORIES

Share it
Top