കോണ്‍ഗ്രസ് സമരമെന്ന് ജി സുധാകരന്‍

കൊച്ചി: കീഴാറ്റൂരില്‍ നടക്കുന്നതു കോണ്‍ഗ്രസ് നയിക്കുന്ന കണ്ണൂര്‍ സമരം മാത്രമെന്നു മന്ത്രി ജി സുധാകരന്‍. സംസ്ഥാനം മുഴുവന്‍ കീഴാറ്റൂരിലേക്ക് ഉറ്റുനോക്കുന്നുവെന്ന ധാരണയില്‍ കോണ്‍ഗ്രസ് സമരം ഏറ്റുപിടിക്കുകയാണെന്നും രാഷ്ട്രീയ സമര വേദിയായി കീഴാറ്റൂര്‍ മാറിയെന്നും ജി സുധാകരന്‍ പറഞ്ഞു.
ജോലിയില്ലാത്ത ചിലരാണ് ഇപ്പോള്‍ സമരത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്.  ഇത്തരം അനാവശ്യ സമരങ്ങള്‍ ഏറ്റുപിടിച്ചു വി എം സുധീരന്‍ സമയംകളയരുത്. കീഴാറ്റൂരിലൂടെ ദേശീയപാത വിഭാവനം ചെയ്തിരിക്കുന്ന കേന്ദ്രസര്‍ക്കാരാണു നിലവില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. ഇത് തിരിച്ചറിയാത്ത ബിജെപിക്കാരും വയല്‍ക്കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്. നിലവില്‍ സമരം ചെയ്യുന്നവരില്‍ ഏറെയും കീഴാറ്റൂരിന് വെളിയില്‍ നിന്നു വന്നവരാണ്. നാടിന്റെ വികസനത്തിനു ദേശീയപാതകള്‍ വേണമെന്ന നിലപാടാണു സര്‍ക്കാരിന്. ഇക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു.
സമരത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോടല്ല, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് അഭിപ്രായം ചോദിക്കേണ്ടത്. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന അലൈന്‍മെന്റ്, അത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്.  വലിയ ഭേദഗതികളില്ലാതെ ഞങ്ങളും അത് അംഗീകരിച്ചുവെന്നേയുള്ളൂ. വിഷയത്തില്‍ യാതൊരു ആകാംഷയും സര്‍ക്കാരിനില്ല. പ്രശ്‌നങ്ങളൊക്കെ അവിടെ ചിലര്‍ ഉണ്ടാക്കുന്നതാണ്. അത് അവര്‍ തന്നെ പരിഹരിച്ചോളും. സിപിഎമ്മിന് പ്രത്യേകിച്ച് ദേശീയപാതയൊന്നും വേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

RELATED STORIES

Share it
Top