കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് കാരാട്ട്; കരടില്‍ തിരുത്തല്‍ വേണമെന്ന് യെച്ചൂരി

എച്ച് സുധീര്‍
ഹൈദരാബാദ്: കോണ്‍ഗ്രസ് സഹകരണത്തിന്റെ പേരില്‍ നേതൃതലത്തില്‍ നിലനില്‍ക്കുന്ന ഭിന്നത രൂക്ഷമാക്കി സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ രണ്ടു രേഖകള്‍. കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന് അടിവരയിട്ടുള്ള ഔദ്യോഗിക കരട് രാഷ്ട്രീയ പ്രമേയം പിബി അംഗം പ്രകാശ് കാരാട്ടും ബദല്‍ നിര്‍ദേശങ്ങള്‍ അടങ്ങിയ രേഖ ജന. സെക്രട്ടറി സീതാറാം യെച്ചൂരിയും ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചു.
പിബി യോഗം രണ്ടു തവണ ചര്‍ച്ച ചെയ്യുകയും കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം വോട്ടിനിട്ട് തള്ളുകയും ചെയ്ത ബദല്‍ രേഖയിലെ നിര്‍ദേശങ്ങള്‍ തന്നെയാണ് യെച്ചൂരി വീണ്ടും അവതരിപ്പിച്ചത്. എന്നാല്‍, യെച്ചൂരിയുടേത് ബദല്‍ രേഖയല്ലെന്നും പാര്‍ട്ടിയിലെ ന്യൂനപക്ഷാഭിപ്രായം മാത്രമാണെന്നുമാണ്  ഔദ്യോഗിക വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് 4ന് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിലാണ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്.
പ്രമേയാവതരണത്തിന്റെ ആമുഖത്തില്‍ യെച്ചൂരിയുടെ രേഖയെ സംബന്ധിച്ച് കാരാട്ട് പരാമര്‍ശിക്കുകയും ചെയ്തു. യെച്ചൂരി അവതരിപ്പിക്കുന്നതു ബദല്‍ രേഖയല്ലെന്നും രാഷ്ട്രീയ പ്രമേയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്ന ന്യൂനപക്ഷാഭിപ്രായം മാത്രമാണെന്നും കാരാട്ട് വ്യക്തമാക്കി. ഇതിനു കേന്ദ്ര കമ്മിറ്റി അനുമതി നല്‍കിയിരുന്നതായും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ ധാരണ സാധ്യമല്ലെന്ന് കരട് രാഷ്ട്രീയ പ്രമേയത്തിലൂടെ കാരാട്ട് വ്യക്തമാക്കി.
കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പ് അടവുനയവും പാര്‍ട്ടിയുടെ രാഷ്ട്രീയനയവും തമ്മില്‍ കൂട്ടിക്കുഴക്കുന്ന സമീപനം പാടില്ല. തിരഞ്ഞെടുപ്പുകാലത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ കൈക്കൊണ്ടിട്ടുണ്ട്. അത് ഇനിയും തുടരും. അതിനു പകരം കോണ്‍ഗ്രസ്സുമായി മറ്റു സഖ്യം എന്നത് ആലോചിക്കേണ്ടതില്ലെന്നും കരടു പ്രമേയം വ്യക്തമാക്കി.
അതേസമയം, കരടുരേഖയില്‍ തിരുത്തല്‍ വേണമെന്ന് യെച്ചൂരി നിലപാട് കടുപ്പിച്ചു. ഇടതുപക്ഷം സഖ്യത്തിനില്ലെന്ന നിലപാട് എടുക്കുന്നത് പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തും. പ്രതിപക്ഷം ശിഥിലമാവുന്നത് ബിജെപിക്ക് ഗുണകരമാവും. പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള ബംഗാള്‍, ത്രിപുര, കേരളം എന്നിവിടങ്ങളില്‍ ബിജെപി ഉയര്‍ത്തുന്ന ഭീഷണി തിരിച്ചറിയണമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്സുമായി സഖ്യം വേണമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. അവരുമായി യോജിപ്പിലെത്തണമെന്നാണ് തന്റെ നിലപാട്. കോണ്‍ഗ്രസ്സുമായി ധാരണ വേണ്ടെന്ന് രാഷ്ട്രീയ പ്രമേയത്തില്‍ എഴുതിവയ്‌ക്കേണ്ടതില്ല. അടവുനയത്തില്‍ ഇത്തരമൊരു തീരുമാനമെടുത്താല്‍ പിന്നോട്ടുപോവാന്‍ കഴിയില്ലെന്നും  യെച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മിറ്റി തള്ളിയ നിലപാടുകള്‍ യെച്ചൂരി വീണ്ടും മുന്നോട്ടുവച്ചതോടെ ഇക്കാര്യത്തിലുള്ള പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട് നിര്‍ണായകമാവും. കരടു രാഷ്ട്രീയ പ്രമേയത്തിന്മേല്‍ ഇന്നു നടക്കുന്ന പൊതുചര്‍ച്ചയില്‍ കേരളത്തില്‍ നിന്ന് മൂന്നു പേര്‍ പങ്കെടുക്കും. കോണ്‍ഗ്രസ്സുമായി ഒരു തിരഞ്ഞെടുപ്പു ധാരണയും പാടില്ലെന്ന ഉറച്ച നിലപാടിലാണ് കേരള ഘടകം.

RELATED STORIES

Share it
Top