കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായില്ല

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ കരടു രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കതിന് പരിഹാരമായില്ല. ഇതു സംബന്ധിച്ച് സിപിഎം നേതൃനിരയിലെ ഭിന്നത തുടരുന്നു. പ്രമേയത്തിലുള്ള തന്റെ നിലപാട് മയപ്പെടുത്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയെങ്കിലും മുന്‍ നിലപാടില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറാവില്ലെന്ന കര്‍ക്കശമായ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രകാശ് കാരാട്ട് പക്ഷം. ഇന്നലെ ആരംഭിച്ച പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇരുപക്ഷവും നിലപാടുകളില്‍ ഉറച്ചു നിന്നു. കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ ധാരണയും വേണ്ടെന്ന നിലപാടില്‍ പ്രകാശ് കാരാട്ട് പക്ഷം ഉറച്ചു നില്‍ക്കുകയാണ്. ഇന്നും സമവായത്തില്‍ എത്തിയില്ലെങ്കില്‍ പോളിറ്റ് ബ്യൂറോ യോഗത്തിലെ ചര്‍ച്ചകള്‍ ഉള്‍പ്പെടെ അടുത്ത മാസം 19 മുതല്‍ 21 വരെ കൊല്‍ക്കത്തയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും.     എല്ലാ മതേതര പാര്‍ട്ടികളുമായും സഹകരണമാവാമെന്ന തന്റെ മുന്‍ നിലപാടില്‍ യെച്ചൂരി മാറ്റം വരുത്തി. കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യെച്ചൂരി തന്റെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറായത്. ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ മതേതര പാര്‍ട്ടികളുമായോ ശക്തികളുമായോ സഹകരിക്കാം എന്നായിരുന്നു യെച്ചൂരിയുടെ മുന്‍ നിലപാട്. ബിജെപിയെ ചെറുക്കാന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചു തിരഞ്ഞെടുപ്പ് അടവ് നയമാവാമെന്നും യെച്ചൂരിയുടെ കരട് രേഖയില്‍ നിര്‍ദേശമുണ്ട്. രേഖ ഇന്നലെ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുത്തു.  എന്നാല്‍, ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമോ മുന്നണിയോ വേണ്ടെന്നും ബിജെപിയെ മുഖ്യ ശത്രുവായി കണ്ടു സാഹചര്യങ്ങള്‍ക്ക്  അനുസരിച്ചു തിരഞ്ഞെടുപ്പ് അടവുനയമുണ്ടാക്കാം എന്നാണ് പുതിയ രേഖയില്‍ യെച്ചൂരിയുടെ നിലപാട്. യെച്ചൂരിയുടെ രേഖ പിബി അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. അതേസമയം, കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ ധാരണ പോലും വേണ്ടെന്ന കടുത്ത നിലപാടാണു കാരാട്ട് പക്ഷത്തിനുള്ളത്. ബിജെപിയെ മുഖ്യ ശത്രുവായി കാണുമ്പോഴും പാര്‍ട്ടി നയങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യാതൊരു രാഷ്ട്രീയ കൂട്ടുകെട്ടുകളും പാടില്ലെന്ന  കാരാട്ട് പക്ഷത്തിന്റെ നിലപാടിനാണു കഴിഞ്ഞ പിബി യോഗത്തില്‍ അംഗീകാരം ലഭിച്ചത്. രണ്ടു നിലപാടുകളും പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്ത ശേഷമാവും കരടിന് രൂപം നല്‍കുക. ഇന്നു സമാപിക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ സമവായം ആയില്ലെങ്കില്‍ ചര്‍ച്ചകള്‍ അടുത്ത കേന്ദ്ര കമ്മിറ്റിയിലേക്ക് നീളും. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും പിബി ചര്‍ച്ച ചെയ്തു. പോളിറ്റ് ബ്യൂറോയുടെ ഔദ്യോഗിക നിലപാടിന് അനുസരിച്ച് 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള കരട് രാഷ്ട്രീയ പ്രമേയം തയാറാക്കാനാണു പിബിയെ കേന്ദ്ര കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ അനുകൂല പ്രതികൂല അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തു വേണം കരട് തയാറാക്കാനെന്നും കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ആ നിലയ്ക്ക് സീതാറാം യെച്ചൂരി ബംഗാള്‍ ഘടകത്തിന്റെ പിന്തുണയോടെ കൊണ്ടു വന്ന ആദ്യ രേഖ കരട് രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനമാവില്ലെന്ന് ഉറപ്പാണ്.

RELATED STORIES

Share it
Top