കോണ്‍ഗ്രസ് ബന്ധം: തര്‍ക്കം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കനക്കും

ന്യൂഡല്‍ഹി: 25 വര്‍ഷം തുടര്‍ച്ചയായി ത്രിപുരയില്‍ അധികാരത്തിലിരുന്ന സിപിഎമ്മിന് തിരഞ്ഞെടുപ്പില്‍ ബിജെപിയോടേറ്റ കനത്ത തോല്‍വി ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സടക്കമുള്ള മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കണമെന്ന അഖിലേന്ത്യാ സെക്രട്ടറിയുടെ നിലപാടിനെ സാധൂകരിക്കുന്നതിന് ത്രിപുരയിലെ തോല്‍വി ഉപയോഗപ്പെടുത്താനാവും അദ്ദേഹത്തോടൊപ്പമുള്ളവരുടെ ശ്രമം.
തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സിപിഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള എന്നല്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിരുന്നു. ഇതിനു പിറകെയെത്തിയ ത്രിപുര തിരഞ്ഞെടുപ്പ് ഫലം യെച്ചൂരിയെയും ബംഗാള്‍ ഘടകത്തെയും ആശയപരമായി കൂടുതല്‍ ശക്തമാക്കുമെന്നും, ഈ ആശയത്തോട് യോജിപ്പുമായി കൂടുതല്‍പേര്‍ രംഗത്തെത്തുമെന്നുമാണ് വിലയിരുത്തല്‍.
വര്‍ഗീയരാഷ്ട്രീയം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടുന്ന ബിജെപിക്കെതിരേ ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി സഖ്യമാവാമെന്നാണ് യെച്ചൂരിയുടെ നിലപാട്. എന്നാല്‍, പാര്‍ട്ടി പോളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും വിഷയം നിരവധി തവണ ചര്‍ച്ചചെയ്തിട്ടും പാര്‍ട്ടി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കേരള ഘടകവും കോണ്‍ഗ്രസ്സുമായി ഒരുതരത്തിലുള്ള തിരഞ്ഞെടുപ്പു ധാരണകളും വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. യെച്ചൂരിയുടെ നിലപാട് കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളുകയും ചെയ്തിരുന്നു.
കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യ എതിരാളിയാണെന്നിരിക്കെ ഇവരുമായി സഖ്യം പാടില്ലെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാടിന് കേരള ഘടകത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും മാത്രമായിരുന്നു വിഷയത്തില്‍ എതിര്‍സ്വരം ഉയര്‍ത്തിയിരുന്നത്. ജനറല്‍ സെക്രട്ടറിയുടെ നിലപാടിനെ തള്ളി നവ ഉദാരവല്‍ക്കരണ നയങ്ങളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ബിജെപിയുടെ അതേ വര്‍ഗസ്വഭാവം കാണിക്കുന്ന പാര്‍ട്ടിയാണെന്നും തിരഞ്ഞെടുപ്പു ധാരണകള്‍പോലും പാടില്ലെന്നുമുള്ള നിലപാടാണ് പാര്‍ട്ടികോ ണ്‍ഗ്രസ്സിനു മുന്നോടിയായി പുറത്തിറക്കിയ കരട് രാഷ്ട്രീയ നയരേഖയിലും വ്യക്തമാക്കിയിരുന്നത്.
അതേസമയം, സിപിഎം കോട്ടയായിരുന്ന ത്രിപുരയില്‍ അധികാരം നഷ്ടമായതോടെ രാജ്യത്ത് പാര്‍ട്ടി അധികാരത്തിലുള്ള ഏക സംസ്ഥാനമെന്ന നിലയില്‍ കേരളം കേന്ദ്രകമ്മിറ്റിയില്‍ കൂടുതല്‍ ശക്തരാവുമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസ് ബാന്ധവം സംബന്ധിച്ച വിഷയത്തില്‍ ബംഗാള്‍ ഘടകം പിന്തുണയ്ക്കുന്ന യെച്ചൂരി പക്ഷത്തിനും കേരള ഘടകത്തിന്റെ പിന്തുണയുള്ള കാരാട്ട് പക്ഷത്തിനും ഇടയിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക് എത്തുന്നത് തടഞ്ഞിരുന്നത് ത്രിപുര മുഖ്യമന്ത്രി എന്ന നിലയില്‍ ശക്തനായ മണിക് സര്‍ക്കാറായിരുന്നു. മണിക് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നു പുറത്താവുന്നതോടെ ഭരണമുള്ള ഏക സംസ്ഥാനമെന്ന നിലയില്‍ കേരള ഘടകം കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കും.
എന്നാല്‍, യെച്ചൂരിയുടെ നിലപാടുകളെ ത്രിപുര തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ലഭിച്ച വോട്ടിങ് ശതമാനം ഉയര്‍ത്തിക്കാട്ടിക്കൊണ്ടുതന്നെയാവും കാരാട്ടും കേരള ഘടകവും പ്രതിരോധം തീര്‍ക്കുക. തിരഞ്ഞെടുപ്പില്‍ കേവലം 1.5 ശതമാനം വോട്ട് മാത്രം ലഭിച്ച കോണ്‍ഗ്രസ് മുമ്പുണ്ടായിരുന്ന 45 ശതമാനത്തോളം വരുന്ന വോട്ട് ബിജെപിക്ക് മറിച്ചെന്നും വര്‍ഗീയ ഫാഷിസത്തോട് പോരാടാന്‍ കോ ണ്‍ഗ്രസ്സിനെ കൂടെക്കൂട്ടാന്‍ കഴിയില്ലെന്നും അവര്‍ക്ക് ചൂണ്ടിക്കാട്ടാനാകും.

RELATED STORIES

Share it
Top