കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം തുടങ്ങി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ 84ാമത് പ്ലീനറി സമ്മേളനത്തിന്റെ മുന്നോടിയായുള്ള സബ്ജക്ട് കമ്മിറ്റി യോഗം ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ലില്‍ നടന്നു. യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും, മുന്‍ ധനമന്ത്രി പി ചിദംബരവും ചേര്‍ന്ന് തയ്യാറാക്കിയ സാമ്പത്തിക പ്രമേയത്തിന് യോഗം അംഗീകാരം നല്‍കി.
യുപിഎ കാലത്തുണ്ടായ സാമ്പത്തിക വളര്‍ച്ച, മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക ഘടനയെ എങ്ങനെ ബാധിച്ചു തുടങ്ങി എന്നിങ്ങനെ ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെ കൃത്യമായി പ്രതിപാദിക്കുന്ന സാമ്പത്തിക പ്രമേയം പ്ലീനറി സമ്മേളനം ചര്‍ച്ച ചെയ്യും. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന രാഷ്ട്രീയ പ്രമേയം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണി ആണ് തയ്യാറാക്കിയത്. 2019ലെ തിരഞ്ഞെടുപ്പും ഭാവിയില്‍ കോണ്‍ഗ്രസ് സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപനങ്ങളും പ്രമേയത്തിലൂടെ ചര്‍ച്ച ചെയ്യും.
അന്തര്‍ദേശീയ രംഗത്തെ സംബന്ധിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാട് വിശദീകരിക്കുന്ന പ്രമേയമാണ് മൂന്നാമത്തേത്. കഴിഞ്ഞ നാല് വര്‍ഷക്കാലം രാജ്യം കണ്ടത് തൊഴില്‍ രഹിതമായ വളര്‍ച്ചയാണ്. ഇന്ത്യയിലെ കാര്‍ഷിക മേഖല ഏറ്റവും വലിയ തകര്‍ച്ച നേരിടുന്നു. അതിനാല്‍ തന്നെ ഇരു വിഷയങ്ങളും പ്രതിപാദിക്കുന്ന പ്രമേയവും സമ്മേളനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുന്നതോടെ പ്ലീനറി സമ്മേളന നടപടികള്‍ക്ക് ഔദ്യോഗിക തുടക്കമാവും.

RELATED STORIES

Share it
Top