കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്നു തുടക്കം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ 84ാമത് പ്ലീനറി സമ്മേളനത്തിന് ഇന്നു ഡല്‍ഹിയില്‍ തുടക്കമാവും. 13,000ഓളം അംഗങ്ങളാണ് ഇത്തവണ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടക്കും.
പ്ലീനറി സമ്മേളനത്തിനു മുന്നോടിയായി ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ഇന്നു സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കും. ഇതിലാണ് സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ അംഗീകരിക്കുക.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും മുന്‍ ധനമന്ത്രി പി ചിദംബരവും ചേര്‍ന്നു തയ്യാറാക്കിയ സാമ്പത്തികനയ പ്രമേയം, എ കെ ആന്റണി തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയം, ആഗോളവിഷയങ്ങളില്‍ ഊന്നിയുള്ള അന്തര്‍ദേശീയ പ്രമേയം, കാര്‍ഷിക തൊഴില്‍മേഖലയെ സംബന്ധിച്ച പ്രമേയം എന്നിവയാണ് പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
നാളെ രാവിലെ 9ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് ഔപചാരിക തുടക്കമാവും. കോണ്‍ഗ്രസ്സിന്റെ പരമോന്നത ഘടകമായ പ്രവര്‍ത്തക സമിതിയുടെ പുനസ്സംഘടന പ്ലീനറി സമ്മേളനത്തില്‍ നടക്കും. 25 അംഗ പ്രവര്‍ത്തക സമിതിയില്‍ 13 അംഗങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യും. അവശേഷിക്കുന്ന 12 അംഗങ്ങളെ യോഗത്തില്‍ തിരഞ്ഞെടുക്കാനാണ് സാധ്യത. സമ്മേളനം 18ന് സമാപിക്കും.

RELATED STORIES

Share it
Top