കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്

മാനന്തവാടി: ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ യഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആദ്യപടിയായി 19ന് ബോയ്‌സ് ടൗണിലെ നിര്‍ദിഷ്ട സ്ഥലത്ത് പ്രതീകാത്മക തറക്കല്ലിടല്‍ നടത്തും. തുടര്‍ന്ന് ആര്‍ഡി ഓഫിസ് മാര്‍ച്ചും ഗാന്ധിപാര്‍ക്കില്‍ പൊതുയോഗവും നടക്കും. 2010ലാണ് സെന്റര്‍ വയനാടിന് അനുവദിച്ചത്. ഏറെ കാലത്തെ അന്വേഷണങ്ങള്‍ക്കു ശേഷം ഗ്ലെന്‍ ലെവന്‍ എസ്‌റ്റേറ്റിന്റെ കൈവശമുള്ള 75 ഏക്കര്‍ ഭൂമി റവന്യൂവകുപ്പ് ഏറ്റെടുത്ത് ആരോഗ്യവകുപ്പിന് കൈമാറി. കഴിഞ്ഞ മെയ് മാസമായിരുന്നു കൈമാറ്റം. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും ഭൂമി ശ്രീചിത്തിരയ്ക്കു കൈമാറാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ലാത്തതാണ് ഇതിനു പ്രധാന കാരണമായി കോണ്‍ഗ്രസ് ആരോപിക്കുന്നത്. അത്യാധുനിക കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, 100 കിടക്കകളുള്ള മെഡിക്കല്‍ കോളജ്, ഗവേഷണകേന്ദ്രം, ഹൃദയവാല്‍വ് നിര്‍മാണ യൂനിറ്റ്, കാര്‍ഡിയോളജി വിഭാഗം എന്നിവ തുടങ്ങാനാണ് പദ്ധതി. 950 കോടി രൂപയുടെ പദ്ധതിയായിരുന്നു ലക്ഷ്യമിട്ടത്. വയനാടിന് പുറമെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെയും കര്‍ണാടകയിലെ കുടക്, എച്ച്ഡി കോട്ട മേഖലകളിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഏറെ ഉപകാരപ്പെടാവുന്ന പദ്ധതിയാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം.

RELATED STORIES

Share it
Top