കോണ്‍ഗ്രസ് പ്രകടനം; പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ലാത്തിവീശി: 15 ഓളം പേര്‍ക്കു പരിക്ക്

ബാലരാമപുരം: ശശിതരൂര്‍ എംപിയുടെ ഓഫിസിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചതില്‍ പ്രതിഷേധിച്ച് ബാലരാമപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പോലിസ് ലാത്തിവീശി.  ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് ബാലരാമപുരം ജങ്ഷനില്‍ പോലിസ് സ്റ്റേഷന് മുന്നില്‍ നിന്നും പ്രകടനം ആരംഭിച്ചത്.
പ്രകടനം നെയ്യാറ്റിന്‍കര റോഡില്‍ എത്തിയപ്പോഴേക്കും ബിജെപിയുടെ ഫഌക്‌സ് പ്രകടനത്തില്‍ ഉണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച്  15 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് ഓടിച്ചിട്ട് മര്‍ദിക്കുകയായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
ഉടന്‍ തന്നെ നേതാക്കള്‍ ഉള്‍പ്പെട്ട പ്രകടനക്കാര്‍ ജങ്ഷനില്‍ പോലിസ് സ്റ്റേഷന് മുന്നില്‍ റോഡില്‍ ഉപരോധം തീര്‍ത്തു. രാത്രി എട്ടുമണിവരെ നീണ്ട ഉപരോധസമരത്തെ കോവളം എംഎല്‍എ അഡ്വ. എം വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നെത്തിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം എംഎല്‍എയെ സ്റ്റേഷനുള്ളില്‍ വിളിച്ചുചര്‍ച്ച നടത്തുന്നതിനിടെ വീണ്ടും റോഡില്‍ പോലിസും പ്രവര്‍ത്തകരും വാക്കേറ്റത്തിലായി. ഇതില്‍ പലപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
സംഭവത്തെതുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം നഗരത്തില്‍ പ്രകടനം നടത്തി. എട്ട് മണിയോടെ പ്രകടനവുമായെത്തിയ എംഎല്‍എ അഡ്വ. എം വിന്‍സെന്റ് ഡിസിസി ജനറല്‍ സെക്രട്ടറി വിന്‍സെന്റ് ഡി പോള്‍ നേതാക്കളായ അഭിലാഷ്, മുത്തുകൃഷ്ണന്‍, വിപിന്‍ജോസ്, മണ്ഡലം പ്രസിഡന്റ് എഎം സുധീര്‍ എന്നിവരുമായി ഡിവൈഎസ്പി ചര്‍ച്ച നടത്തി കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിന്‍മേല്‍ 8.30 ഓടെ സമരം അവസാനിപ്പിച്ചു പിരിഞ്ഞു.  പോലിസ് അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബാലരാമപുരത്ത് പ്രതിഷേധയോഗം നടത്തും.

RELATED STORIES

Share it
Top