കോണ്‍ഗ്രസ് നേതൃത്വവും മുസ്‌ലിംലീഗും നിലപാട് വ്യക്തമാക്കണം: പി ജയരാജന്‍

കണ്ണൂര്‍: കോണ്‍ഗ്രസ്സുകാരെ ബിജെപിയിലെത്തിക്കുന്ന ഏജന്‍സിപ്പണിയാണ് കെ സുധാകരന്‍ നടത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. തന്നെ ബിജെപിയിലേക്കു ക്ഷണിച്ചെന്നുള്ള സുധാകരന്റെ വെളിപ്പെടുത്തലിനെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കളും മുസ്‌ലിംലീഗും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് 10 മാസം മുമ്പ് വാര്‍ത്തകളുണ്ടായിരുന്നപ്പോള്‍ നിശ്ശബ്ദത പാലിച്ച സുധാകരന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ്. തന്നെ വേണ്ടവിധം പരിഗണിച്ചില്ലെങ്കില്‍ ബിജെപിയിലേക്കു പോവുമെന്നാണ് അര്‍ഥം. വരുംദിവസങ്ങളിലെ പ്രവൃത്തിയില്‍ ബാക്കിയെല്ലാം അദ്ദേഹം തന്നെ വ്യക്തമാക്കും. കേരളത്തിനു പുറത്ത് അമിത്ഷായുമായി സുധാകരന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. സിപിഎമ്മിനെതിരേ ആര്‍എസ്എസ് ശൈലിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ബിജെപി സുധാകരനുമായി ചര്‍ച്ച നടത്തിയത്. അമിത്ഷായുടെ ഓഫിസില്‍ തയ്യാറാക്കിയ കേരളത്തിലെ രാഷ്ട്രീയ വികസനത്തിനുള്ള തന്ത്രപരമായ പദ്ധതി അനുസരിച്ചാണ് കേരളത്തിലെ ചില നേതാക്കളെ സമീപിച്ചത്. എടയന്നൂര്‍ കൊലപാതകത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടും ആര്‍എസ്എസ് ദേശീയതലത്തില്‍ പ്രചരിപ്പിച്ച ചുവപ്പ് ഭീകരത എന്ന പ്രയോഗം സുധാകരന്റെ അനുയായികളാണ് ഏറ്റെടുത്തത്.
ഇത് അമിത്ഷായുടെ നിര്‍ദേശപ്രകാരമാണ്. കോണ്‍ഗ്രസ് അണികളില്‍ സിപിഎം വിരുദ്ധ ജ്വരം പടര്‍ത്താനാണു ശ്രമം. സിപിഎമ്മിനെ എതിരിടാന്‍ കോണ്‍ഗ്രസ്സിനാവില്ലെന്ന തോന്നലുണ്ടാക്കി അണികളെ ബിജെപിയിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുകയാണു ലക്ഷ്യം. കോണ്‍ഗ്രസ്സില്‍ നിന്നുകൊണ്ടുതന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ബിജെപി സുധാകരനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top