കോണ്‍ഗ്രസ് നേതാവ് രാമന്‍നായര്‍ ബിജെപിയിലേക്കെന്ന് സൂചന

പത്തനംതിട്ട/കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റും കെപിസിസി നിര്‍വാഹകസമിതി അംഗവുമായ ജി രാമന്‍നായര്‍ ബിജെപിയിലേക്കെന്ന് സൂചന. ശബരിമല വിഷയത്തില്‍ പത്തനംതിട്ടയി ല്‍ നടന്ന ബിജെപിയുടെ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തതിന് രാമന്‍നായരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിശദീകരണം ചോദിക്കാതെയാണ് തനിക്കെതിരേ പാര്‍ട്ടി നടപടി എടുത്തതെന്നും ഈശ്വരവിശ്വാസി എന്ന നിലയിലാണ് ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതെന്നും രാമന്‍നായര്‍ വിശദീകരിച്ചു.
ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നേതൃത്വവുമായി രാമന്‍നായര്‍ ചര്‍ച്ചനടത്തിയതായാണ് സൂചന. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ അദ്ദേഹം പരസ്യപ്രഖ്യാപനം നടത്തിയേക്കും. രാമന്‍നായര്‍ക്ക് പുറമെ മറ്റുചില കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായും പറയുന്നു. തനിക്കെതിരായ നടപടിയെപ്പറ്റി കോണ്‍ഗ്രസ് ഒരു നിലപാടും അറിയിച്ചിട്ടില്ലെന്ന് രാമന്‍നായര്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചിരുന്നു. താന്‍ പൊതുപ്രവര്‍ത്തനവുമായി മുന്നോട്ടു പോവുന്നയാളാണ്. ബിജെപിയുടെ ആളുകളുമായി ബന്ധപ്പെടാന്‍ ശബരിമല സമരത്തിനിടെ അവസരം കിട്ടി. ഇവിടെ നില്‍ക്കാന്‍ അവസരം കിട്ടിയില്ലെങ്കില്‍ അവിടേക്ക് പോവും. തന്നെ ബിജെപി നേതാക്കള്‍ ക്ഷണിച്ചിട്ടുണ്ടെന്നും രാമന്‍ നായര്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട സമരമെന്ന നിലയിലാണ് താന്‍ ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതെന്നും ജി രാമന്‍ നായര്‍ പറഞ്ഞു.
ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ മാസങ്ങള്‍ കാത്തിരുന്ന കെപിസിസി നേതൃത്വം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാട്ടിയ വ്യഗ്രത അദ്ഭുതപ്പെടുത്തുന്നു. ഈശ്വരവിശ്വാസം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ച തന്നെയാണോ ലൈംഗിക അപവാദങ്ങളിലൂടെ പാര്‍ട്ടിയുടെ അന്തസ്സ് തകര്‍ത്ത നേതാക്കളെയാണോ സസ്‌പെന്‍ഡ് ചെയ്യേണ്ടതെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top