കോണ്‍ഗ്രസ് നേതാക്കള്‍ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍; 1.45ന് ഹരജി പരിഗണിക്കും


ബംഗളൂരു: ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നറിയിച്ചിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചു. ബിജെപിയെ വിളിക്കാനുള്ള ഗവര്‍ണര്‍ വാജുഭായ് വാലയുടെ തീരുമാനം രാത്രി 9.30ഓടെ വന്നതിന് പിന്നാലെയാണ് രാത്രി തന്നെ നിയമ നടപകളുമായി കോണ്‍ഗ്രസ് മുന്നോട്ടു നീങ്ങിയത്.

ഇതിന്റെ ഭാഗമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടു. കോണ്‍ഗ്രസിന്റെ പരാതിയില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്നാണ് കരുതുന്നത്. അര്‍ധ രാത്രി 1.45ഓടെ സുപ്രിംകോടതിയുടെ ഒന്നാം നമ്പര്‍ കോടതിയില്‍ കേസിന്റെ വാദം കേള്‍ക്കും. ഇതോടെ അടിയന്തര പ്രാധാന്യത്തോടെ ഹരജി പരിഗണിക്കാനാണ് കോടതിയുടെ തീരുമാനമെന്ന് വ്യക്തമായി. രാത്രിയിലെ അപ്രതീക്ഷിത നീക്കങ്ങളെ തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ വസതിക്കു ചൂറ്റും പോലിസ് ബാരിക്കേഡുകള്‍ തീര്‍ത്തു. ഭുരിപക്ഷമുള്ള സഖ്യത്തെ ഒഴിവാക്കി ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രാവിലെ 9ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ സ്റ്റേ ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെആവശ്യം. സാധാരണ ഗതിയില്‍ 48 മണിക്കൂര്‍ മുതല്‍ 7 ദിവസം വരെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ അനുവദിക്കാറുള്ളത്. എന്നാല്‍, കര്‍ണാടകയില്‍ 15 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. ഇതും കോണ്‍ഗ്രസ് ചോദ്യംചെയ്യുന്നുണ്ട്.

കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, കപില്‍ സിബല്‍, വിവേക് തന്‍ഖ, രണ്‍ദീപ് സര്‍ജുവേല എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് നിയമനടപടിക്കൊരുങ്ങുന്ന കാര്യം വ്യക്തമാക്കിയത്.

സഭയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തിന്റെ നേതാവായ എച്ച്.ഡി കുമാരസ്വാമിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നതില്‍ എന്താണ് ഗവര്‍ണര്‍ക്ക് തടസമെന്നു ചിദംബരം ചോദിച്ചു. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന്റെ 117 എംഎല്‍എമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് നേരത്തെ സമര്‍പ്പിച്ചിരുന്നു. 104 എംഎല്‍എമാര്‍ മത്രമുള്ള ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്നും എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കോണ്‍ഗ്രസും ജെഡിഎസും ആരോപിച്ചിരുന്നു. എന്നാല്‍ ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു.

[social_warfare buttons="Twitter,Whatsapp"]
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top