കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പീഡന കേസ് എറണാകുളം സ്‌പെഷ്യല്‍ കോടതിയിലേക്ക് മാറ്റി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരായ പീഡനക്കേസുകള്‍, സാമാജികര്‍ പ്രതികളായ ക്രിമിനല്‍ക്കേസുകള്‍ വിചാരണ ചെയ്യാനായി രൂപീകരിച്ച എറണാകുളം പ്രത്യേക കോടതിയിലേക്ക് മാറ്റി.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടി മഞ്ജിത് കേസ് ലിസ്റ്റും കൈമാറ്റ സാക്ഷ്യപത്രത്തോടുമൊപ്പം എഫ്‌ഐആറും അനുബന്ധ രേഖകളുമടക്കം മുഴുവന്‍ കേസ് രേഖകളും സ്‌പെഷ്യല്‍ കോടതിക്ക് അയച്ചുകൊടുത്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് ക്രൈം ബ്രാഞ്ച് പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതാ നായരുടെ പരാതിയിലാണ് കേസ് എടുത്ത് എഫ്‌ഐആര്‍ തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ചത്.
പീഡനം ആരോപിക്കുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ്, മന്ത്രി എ പി അനില്‍കുമാറിന്റെ ഒദ്യോഗിക വസതിയായ റോസ്ഹൗസ് എന്നിവ മ്യൂസിയം പോലിസ് സ്റ്റേഷന്റെ ലോക്കല്‍ പരിധിയിലായതിനാലാണ് അതിര്‍ത്തി കോടതിയായ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3 മുമ്പാകെ പ്രഥമ വിവര റിപോര്‍ട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്.
എംഎല്‍എ, എംപിമാര്‍ പ്രതികളായ ക്രിമിനല്‍ക്കേസുകള്‍ സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം ആണ് സംസ്ഥാന ഹൈക്കോടതികള്‍ സ്‌പെഷ്യല്‍ കോടതികള്‍ രൂപീകരിച്ചത്. സുപ്രിംകോടതി ഉത്തരവ് പ്രകാരം കേരള ഹൈക്കോടതി എറണാകുളത്താണ് സ്‌പെഷ്യല്‍ കോടതി രൂപീകരിച്ചത്.

RELATED STORIES

Share it
Top