കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി. സംഭവത്തെ തുടര്‍ന്ന് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി കോണ്‍ഗ്രസ് എംഎല്‍എമാരായ അംരീഷ് ദേര്‍, പ്രതാപ് ദുദ്ദട്ട് എന്നിവരെ മൂന്നു വര്‍ഷത്തേക്കും ബാല്‍ദേവ് ഠാക്കൂറിനെ ഒരു വര്‍ഷത്തേക്കും സസ്‌പെന്‍ഡ് ചെയ്തു.
ചോദ്യോത്തര വേളയ്ക്കു ശേഷം സംസാരിക്കാന്‍ എഴുന്നേറ്റ കോണ്‍ഗ്രസ് എംഎല്‍എ വിക്രം മാഡമിനെ സ്പീക്കര്‍ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിക്രമിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അംരീഷ് ദേര്‍ രംഗത്തെത്തി. ഇരുവരും പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ഇതോടെ, ഇരുവരെയും സഭയില്‍ നിന്നു പുറത്താക്കാന്‍ സ്പീക്കര്‍ മാര്‍ഷലുകള്‍ക്ക് നിര്‍ദേശം നല്‍കി.
ഇതിനിടെ, അംരീഷ് ദേറിനെതിരേ ബിജെപി എംഎല്‍എ ജഗദീഷ് പഞ്ചാല്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി. ഇതേത്തുടര്‍ന്ന്, പഞ്ചാലിനെ കോ ണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ദുദ്ദട്ട് മൈക്രോഫോണ്‍ കൊണ്ട് എറിയുകയും ഇടിക്കുകയുമായിരുന്നു. ഇതോടെയാണ് പ്രതാപ് ദുദ്ദട്ടിനെ സ്പീക്കര്‍  സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് 10 മിനിറ്റിനു ശേഷം സഭ പുനരാരംഭിച്ചപ്പോള്‍ പിന്‍വാതിലിലൂടെ അകത്തെത്തിയ അംരീഷ് ദേര്‍ വീണ്ടും പഞ്ചാലിനെ ആക്രമിച്ചു.
ഇതേത്തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ സംഘടിച്ചെത്തി ദേറിനെയും ആക്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്.

RELATED STORIES

Share it
Top