കോണ്‍ഗ്രസ് ഇനി തിരിച്ചുവരുമോ?

ഇന്ദ്രപ്രസ്ഥം  - നിരീക്ഷകന്‍
2014ല്‍ മോദി വരുന്നതിനു മുമ്പ് രാജ്യം തമോഗര്‍ത്തമായിരുന്നുവോ എന്നു ചോദിക്കുന്നത് സോണിയാഗാന്ധി. ബിജെപിയുടെ അമിത ആത്മവിശ്വാസവും കോണ്‍ഗ്രസ്സിനെ മൂക്കില്‍ വലിച്ചുകളയുമെന്നുള്ള അമിത് ഷായുടെ വായാടിത്തവും കേട്ട് ക്ഷുഭിതയായാണ് സോണിയാമ്മ അങ്ങനെ ചോദിച്ചത്. അമിത് ഷായ്ക്ക് ചരിത്രം അറിയില്ലെങ്കിലും സോണിയാമ്മയ്ക്ക് അതറിയാതിരിക്കാന്‍ നിവൃത്തിയില്ല. കാരണം, അവര്‍ ആ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. 2004ല്‍ ഇതേ അമിതപ്രതാപവുമായിട്ടാണ് വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി എന്ന പശുവാദിസംഘം തിരഞ്ഞെടുപ്പിലേക്കു നീങ്ങിയതെന്ന് അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന അവര്‍ക്കു നന്നായി ഓര്‍മയുണ്ട്. അത് കോണ്‍ഗ്രസ്സിന്റെ ഗ്രഹണകാലമാണ്. അഞ്ചുവര്‍ഷത്തിലേറെ അധികാരത്തില്‍നിന്നു പുറത്ത്. പാര്‍ട്ടി അങ്ങേയറ്റം ക്ഷീണിച്ചുനില്‍ക്കുന്ന കാലം. സോണിയാജി ഒറ്റയ്ക്ക് പാര്‍ട്ടിയെ               നയിക്കുന്ന കാലം. കുടുംബം പ്രതിസന്ധിയില്‍ ഉഴലുന്ന കാലം.
അന്ന് കോണ്‍ഗ്രസ് ആസ്ഥാനത്ത്              പത്രസമ്മേളനം വിളിച്ചാല്‍പ്പോലും ആളെ കിട്ടാത്ത അവസ്ഥയായിരുന്നു. നാടെങ്ങും പശുവാദികളുടെ താണ്ഡവമായിരുന്നു. അവര്‍ കൂറ്റന്‍ രഥങ്ങളിലാണു പ്രചാരവേല സംഘടിപ്പിച്ചത്. 'ഇന്ത്യ തിളങ്ങുന്നു' എന്നായിരുന്നു സ്ഥിരം വായ്ത്താരി. കോണ്‍ഗ്രസ്സിനാവട്ടെ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍പോലും പ്രയാസമുള്ള കാലം. അഥവാ ആളെ കിട്ടിയാല്‍ ചെലവിനുള്ള പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ. മറുവശത്ത് ഭരണകക്ഷി ഗാന്ധിത്തലകള്‍കൊണ്ട് ആഘോഷിക്കുകയായിരുന്നു. പണത്തിന് അവര്‍ക്ക് ഒരു പഞ്ഞവുമില്ല. പ്രവര്‍ത്തനത്തിന് ആര്‍എസ്എസുകാര്‍ നാടെങ്ങും അണിനിരന്നിരുന്നു.
സോണിയാജിയുടെ കൂടെ അന്ന് ഉറച്ചുനിന്നത് രണ്ടുപേര്‍ മാത്രം. നന്നേ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന മന്‍മോഹന്‍ജിയും ഇന്ദിരയുടെ കാലം മുതലേ കോണ്‍ഗ്രസ്സിന്റെ ചാണക്യനായിരുന്ന പ്രണബ് മുഖര്‍ജിയും. ആര്‍എസ്എസുകാര്‍ സോണിയാജിയെ വിദേശി എന്നാണ് മുദ്രകുത്തിയത്. അവര്‍ ജനിച്ചത് ഇറ്റലിയിലാണെങ്കില്‍ നെഹ്‌റു കുടുംബത്തിലേക്ക് വിവാഹം കഴിച്ചു വന്നിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നു. മക്കളും വലുതായി. ഭര്‍ത്താവ് മരിച്ചു. എന്നിട്ടും അവരെ ഇന്ത്യയുടെ ഭാഗമായി കാണാന്‍ അന്ന് പശുവാദി പാര്‍ട്ടികള്‍ തയ്യാറായില്ല. അതിഹീനമായിരുന്നു പ്രചാരവേല.
അതൊന്നും പക്ഷേ, നാട്ടില്‍ ചെലവായില്ല. ജനം സംഘപരിവാര മന്ത്രിസഭയെ എടുത്ത് തോട്ടില്‍ കളഞ്ഞു. സോണിയാജിപോലും പ്രതീക്ഷിക്കാത്ത വിജയമാണ് അന്ന് ഇന്ത്യയിലെ ജനം അവര്‍ക്കു നല്‍കിയത്. അമിത് ഷായ്ക്ക് അതൊന്നും ഓര്‍ക്കേണ്ട കാര്യമില്ല. ആ കാലത്ത് ഗുജറാത്തില്‍ ഏറ്റുമുട്ടല്‍ കൊലയുടെ പേരില്‍ ആളെ കൊല്ലുന്ന തിരക്കിലായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി. ഭീകരവാദികളുടെ പേരിലാണ് അന്ന് നേട്ടമൊക്കെയും ഉണ്ടാക്കിയത്. എത്രപേരുടെ ജീവനാണ് ആ പേരില്‍ എടുത്തതെന്ന് ആര്‍ക്കും അറിയില്ല.
ഇപ്പോള്‍ കോണ്‍ഗ്രസ് മുക്ത ഭാരതമാണ് അമിട്ട് ഷാജിയുടെ മുഖ്യലക്ഷ്യം. അതിനു തിരഞ്ഞെടുപ്പ് തന്നെ വേണമെന്നില്ല. കാശുകൊടുത്ത് കാലുമാറ്റിക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെയുമാവാം. അക്രമംകൊണ്ട് സാധിക്കുമെങ്കില്‍ അതിനും റെഡി. അല്ലെങ്കില്‍ അല്ലറചില്ലറ നക്കാപ്പിച്ച സ്ഥാനമാനങ്ങള്‍ എറിഞ്ഞുകൊടുക്കും. അതു വാങ്ങി മിണ്ടാതെ പരിവാര ഭക്തജനസംഘത്തില്‍ ചേര്‍ന്നുകൊള്ളണം.
എന്തുകിട്ടിയാലും കൊതിയടങ്ങാത്ത കൂട്ടരാണ് കോണ്‍ഗ്രസ്സില്‍ അധികവും. അതിനാല്‍ നാലുവര്‍ഷമായി ഭരണം പോയതോടെ മറുകണ്ടം ചാടാന്‍ ചാന്‍സും നോക്കിയിരിക്കുകയാണ് വിദ്വാന്‍മാരില്‍ അധികം പേരും. ത്രിപുരയില്‍ അതാണു കണ്ടത്. ബിജെപിയുടെ പേരില്‍ മല്‍സരിച്ചവരില്‍ മഹാഭൂരിപക്ഷവും പഴയ കോണ്‍ഗ്രസ്സുകാര്‍. പാര്‍ട്ടിയുടെ 35 ശതമാനം വോട്ടും അങ്ങനെത്തന്നെ ബിജെപിക്കാര്‍ കൊണ്ടുപോയി.
ഗതികെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ് രാജ്യത്ത് പലയിടങ്ങളിലും എന്നതു സത്യം. എന്നാലും സോണിയാജിക്ക് പതര്‍ച്ചയില്ല. അവര്‍ ഇതിനേക്കാള്‍ കടുത്ത പ്രതിസന്ധികളെ കണ്ട നേതാവാണ്. അതിനാല്‍ മോദി-ഷാ കൂട്ടുകെട്ടിനെ മുഖത്തുനോക്കി വെല്ലുവിളിക്കാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. ഒരു രാവിന് ഒരു പകലുണ്ട് എന്ന് അവര്‍ക്കറിയാം. കോണ്‍ഗ്രസ് അങ്ങനെ കുറ്റിയറ്റുപോവുന്ന പാര്‍ട്ടിയല്ലെന്നും അവര്‍ പ്രതീക്ഷിക്കുന്നു.           ി


ി

RELATED STORIES

Share it
Top