കോണ്‍ഗ്രസ് സഖ്യമില്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കുന്നതിനെ അനുകൂലിക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കരടുരേഖ ഇന്നലെ സമാപിച്ച പോളിറ്റ് ബ്യൂറോയും തള്ളി. ബിജെപിയെ ചെറുക്കാന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചു  തിരഞ്ഞെടുപ്പ് അടവുനയങ്ങള്‍ ആവാമെന്ന സീതാറാം യെച്ചൂരി മുന്നോട്ടുവച്ച നിലപാട് പിബിയിലെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തു. കോണ്‍ഗ്രസ്സുമായി യാതൊരു ധാരണയും വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനാണ് ഇത്തവണയും പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചത്. അതേസമയം, പിബി തള്ളിയെങ്കിലും യെച്ചൂരിയുടെ രേഖ ബംഗാള്‍ ഘടകത്തിന്റെ പിന്തുണയോടെ അടുത്തമാസം കൊല്‍ക്കത്തയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്കു വയ്ക്കും. രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ അന്തിമതീരുമാനമെടുക്കുക കേന്ദ്ര കമ്മിറ്റിയാണ്.പിബി തള്ളിയ രാഷ്ട്രീയരേഖ ജനറല്‍ സെക്രട്ടറി തന്നെ വീണ്ടും അവതരിപ്പിക്കുകയെന്ന അപൂര്‍വ സാഹചര്യത്തിന് ജനുവരി 19 മുതല്‍ 21 വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം വേദിയാകും. കേന്ദ്ര കമ്മിറ്റി ചുമതലപ്പെടുത്തിയതനുസരിച്ചാണ് വിഷയത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നത്. എന്നാല്‍ ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനിന്നതോടെ വിഷയത്തില്‍ ദേശീയ നേതൃത്വത്തിലെ ഭിന്നത തുടരുകയാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ്സുമായി സഖ്യം രൂപീകരിക്കണമെന്ന യെച്ചൂരിയുടെ നിലപാട് നേരത്തേയും പിബി തള്ളിയിരുന്നു.  രാജസ്ഥാനില്‍ മുസ്‌ലിം മധ്യവയസ്‌കനെ സംഘപരിവാര പ്രവര്‍ത്തകന്‍ ചുട്ടുകൊന്ന സംഭവത്തെ പോളിറ്റ് ബ്യൂറോ യോഗം അപലപിച്ചു. കേസില്‍ അറസ്റ്റിലായ ശംഭുലാല്‍ നാഥിനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പിബി ആവശ്യപ്പെട്ടു. സംഘപരിവാരം പടര്‍ത്തിവിട്ട വിദ്വേഷരാഷ്ട്രീയത്തിന്റെ ഫലമായി രാജ്യത്തുടനീളം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും നേരെ ആക്രമണം വര്‍ധിച്ചുവരുകയാണ്. സര്‍ക്കാര്‍ തങ്ങളെ സംരക്ഷിക്കുമെന്ന ബോധമാണ് ആക്രമികളെ ഇത്തരം കൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കുന്നത്. ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്‌ലാഖിന്റെ ഘാതകര്‍ക്ക് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയില്‍ ജോലി നല്‍കി. ആക്രമണങ്ങളെ ബിജെപി എംപിമാര്‍ പോലും ന്യായീകരിക്കുന്നു. പെഹ്‌ലുഖാന്‍ കൊലപാതകക്കേസിലെ പ്രതികളെ മുഴുവന്‍ കുറ്റവിമുക്തരാക്കി. ഇരകളെ ശിക്ഷിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍. പശുസംരക്ഷണത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്ന ഗോരക്ഷകരെയും രാജ്യത്തുടനീളം വിദ്വേഷരാഷ്ട്രീയം വിതയ്ക്കുന്ന സദാചാര സംരക്ഷക സംഘങ്ങളെയും നിരോധിക്കണമെന്നും പിബി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top