കോണ്‍ഗ്രസ്സുമായുള്ള തിരഞ്ഞെടുപ്പ് ധാരണ; സിപിഎമ്മില്‍ വീണ്ടും ഭിന്നത

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച് സിപിഎമ്മില്‍ വീണ്ടും അഭിപ്രായ ഭിന്നത. ഇന്നലെ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയില്ല.
കേന്ദ്ര കമ്മിറ്റിയില്‍ എത്താതിരുന്ന വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ്സിലെ തീരുമാനങ്ങള്‍ രണ്ട് തരത്തില്‍ വ്യാഖ്യാനിച്ചാണ് യെച്ചൂരി-കാരാട്ട് പക്ഷം തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നത്.
കോണ്‍ഗ്രസ്സുമായി സഹകരണമോ, ധാരണയോ പാടില്ലെന്നായിരുന്നു ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച രാഷ്ട്രീയ നയരേഖയില്‍ പരാമര്‍ശിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലിലൂടെ ഈ ഭാഗം നീക്കിയാണ് റിപോര്‍ട്ട് അംഗീകരിച്ചത്. ഇതോടെ കോണ്‍ഗ്രസ്സുമായുള്ള തിരഞ്ഞെടുപ്പ് ധാരണയ്ക്ക് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അംഗീകാരം ലഭിച്ചുവെന്നാണു യെച്ചൂരി പക്ഷവും ബംഗാള്‍ ഘടകവും വാദിച്ചത്.
എന്നാല്‍ തിരഞ്ഞെടുപ്പിലെ ധാരണയോ, സഹകരണമോ നടപ്പാക്കുന്നതിനല്ല മറിച്ച് പൊതു വിഷയങ്ങളിലുള്ള യോജിപ്പ് മാത്രമാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചതെന്ന് കാരാട്ട് പക്ഷവും കേരളാ ഘടകവും വാദിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സുമായി താതൊരു സഹകരണവും വേണ്ടെന്ന് കഴിഞ്ഞദിവസം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. തെലങ്കാനയില്‍ സിപിഐ, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയിലാണെങ്കിലും സിപിഎം ബഹുജന മുന്നണി രൂപീകരിച്ച് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങാനാണു തീരുമാനിച്ചത്.
ഇത് ഭരണകക്ഷിയായ ടിആര്‍എസിനെ സഹായിക്കാനിടയാക്കുമെന്നും കേരളാ ഘടകവും കാരാട്ട് പക്ഷവും ഇടപെട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ബംഗാള്‍ ഘടകത്തിനും പരാതിയുണ്ട്.
കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍കോണ്‍ഗ്രസ്സിനെയും ബിജെപിയെയും നേരിടണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ തീരുമാനം. ഇതിനിടെയാണു കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാതിരുന്ന വി എസ് അച്യുതാനന്ദന്‍ അയച്ച കുറിപ്പ് യോഗം പരിഗണിച്ചത്.
ദേശീയ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതി ആവിഷ്‌കരിക്കണമെന്നും ഇതിനായി ആദ്യം സ്വതന്ത്രമായി കരുത്ത് തെളിയിക്കണമെന്നും വി എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയുടെ ആശയ അടിത്തറ വിപുലപ്പെടുത്തണമെന്നും കത്തില്‍ പറയുന്നു.

RELATED STORIES

Share it
Top