കോണ്‍ഗ്രസ്സുമായി സഖ്യമില്ലെന്ന് ബിഎസ്പി

ഭോപാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകളെ തള്ളി ബിഎസ്പി. കോണ്‍ഗ്രസ്സുമായി ഒരു ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പില്‍ ബിഎസ്പി 230 സീറ്റുകളിലും മല്‍സരിക്കുമെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് നര്‍മദ പ്രസാദ് അഹിര്‍വാള്‍ പറഞ്ഞു.
ബിഎസ്പിയുമായി സഖ്യമുണ്ടാക്കുന്നതിന്റെ ഭാഗമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. കോണ്‍ഗ്രസ്സുമായി ബിഎസ്പി സഖ്യത്തിന് ശ്രമിക്കുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന തലത്തിലോ, ദേശീയതലത്തിലോ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും നര്‍മദ പ്രസാദ് വ്യക്തമാക്കി. സഖ്യം സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് തനിക്ക് ഒരു വിധ നിര്‍ദേശവും ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തങ്ങള്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കുമെന്നു പറഞ്ഞിട്ടില്ലെന്നു മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് മാനക് അഗര്‍വാള്‍ പറഞ്ഞു. സമാന ആശയങ്ങളുള്ള രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണു കോണ്‍ഗ്രസ് പറഞ്ഞത്. ബിഎസ്പിയുമായി ചര്‍ച്ച നടത്തിയെന്നു പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഇക്കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണു സൂചന.
2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് 6.29 ശതമാനം വോട്ടും കോണ്‍ഗ്രസ്സിന് 36.38 ശതമാനം വോട്ടുമാണ് ലഭിച്ചത്. ബിജെപി 165, കോണ്‍ഗ്രസ് 58, ബിഎസ്പി നാല് എന്നിങ്ങനെയായിരുന്നു സീറ്റ് നില.

RELATED STORIES

Share it
Top