കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ല: മായാവതി

ന്യൂഡല്‍ഹി: ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിനിടെ വിമതസ്വരവുമായി ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി. വരുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കില്ലെന്ന് മായാവതി വ്യക്തമാക്കി. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിഎസ്പി തനിച്ചു മല്‍സരിക്കുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസ്സിനെതിരേ രൂക്ഷമായ രീതിയിലാണ് മായാവതി പ്രതികരിച്ചത്. തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണമെന്നു തന്നെയായിരുന്നു ഉദ്ദേശ്യം. ഇക്കാര്യത്തില്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ശ്രമങ്ങള്‍ ആത്മാര്‍ഥമാണ്. എന്നാല്‍, ബിജെപിക്കെതിരായ പോരാട്ടത്തില്‍ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആത്മാര്‍ഥതയില്ല. ബിഎസ്പിയെ പോലുള്ളവരെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ബിജെപി ഏജന്റായാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പെരുമാറുന്നത്. അതുകൊണ്ടാണ് ബിഎസ്പിയുമായി ചേര്‍ന്നു മല്‍സരിക്കുന്നതില്‍ അദ്ദേഹത്തിന് താല്‍പര്യമില്ലാത്തത്.
അതേസമയം, മായാവതിക്ക് മറുപടിയുമായി ദിഗ്‌വിജയ് സിങ് രംഗത്തെത്തി. കോണ്‍ഗ്രസ്-ബിഎസ്പി സഖ്യത്തെ തുടക്കം മുതല്‍ പിന്തുണച്ചയാളാണ് താന്‍. മധ്യപ്രദേശില്‍ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായെങ്കിലും 22 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മായാവതിയാണ് സഖ്യസാധ്യതകള്‍ നിരസിച്ചത്. തങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് എല്ലാവരുടെയും പ്രവര്‍ത്തനമെന്നും സിങ് വ്യക്തമാക്കി.

RELATED STORIES

Share it
Top