കോണ്‍ഗ്രസ്സുമായി ദേശീയ സഖ്യമില്ലെന്ന പ്രഖ്യാപിത നിലപാട് ഊട്ടിയുറപ്പിച്ച് സംസ്ഥാന നേതൃത്വം

കെ  സനൂപ്

തൃശൂര്‍: സിപിഎം ജില്ലാസമ്മേളനങ്ങള്‍ക്ക് ഇന്നലെ തുടക്കമായതോടെ കോണ്‍ഗ്രസ്സുമായി ദേശീയതലത്തില്‍ ബിജെപിക്കെതിരേ സഖ്യം പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനുവേണ്ടി സംസ്ഥാന നേതൃത്വം രംഗത്ത്. സമ്മേളനം ഉദ്ഘാടനം ചെയ്ത പിണറായി വിജയന്‍തന്നെ അക്കാര്യം അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നലെ തൃപ്രയാറില്‍ തുടങ്ങിയ തൃശൂര്‍ സമ്മേളനത്തോടെയാണ് സിപിഎമ്മിന്റെ ജില്ലാസമ്മേളനങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കമായത്.
നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ വക്താക്കളായ കോണ്‍ഗ്രസ്സിനെ അതേനയങ്ങള്‍ പിന്തുടരുന്ന ബിജെപിക്കെതിരായ ദേശീയ സഖ്യത്തില്‍ ചേര്‍ക്കാനാവില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നയങ്ങളില്‍ വ്യക്തതയുള്ള മതനിരപേക്ഷ ചിന്താഗതിയുള്ള പാര്‍ട്ടികളുമായേ രാഷ്ട്രീയ സഖ്യമുണ്ടാക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കും മതേതരത്വത്തിനും വേണ്ടി വാതോരാതെ സംസാരിച്ചിരുന്ന കോണ്‍ഗ്രസ്സിന് അതൊന്നും ഇനി അവകാശപ്പെടാനാവാത്ത സാഹചര്യമാണുള്ളതെന്നും പിണറായി പറഞ്ഞു. കൃത്യമായ കോര്‍പറേറ്റ് വിധേയത്വം കാണിച്ചതിലൂടെയാണ് കേന്ദ്രത്തില്‍ ബിജെപിക്ക് വീണ്ടും അരങ്ങത്തെത്താന്‍ കോണ്‍ഗ്രസ് വഴിയൊരുക്കിയതെങ്കില്‍ അതേ നയങ്ങള്‍ അനസ്യൂതം നടപ്പാക്കി കോണ്‍ഗ്രസ്സിനെ കവച്ചുവയ്ക്കുകയാണ് ബിജെപി ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശരിയായ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസരിച്ചാവണം ഭരണതലത്തില്‍ കൂട്ടുകെട്ടുകള്‍ വേണ്ടതെന്ന പിണറായിയുടെ പ്രസ്താവന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുള്ള വിമര്‍ശനം കൂടിയായി.
സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്ന കേന്ദ്ര നേതാക്കളായ ഇ പി ജയരാജന്‍, എ വിജയരാഘവന്‍ എന്നിവരും പിണറായി പറഞ്ഞ കാര്യം തന്നെയാണ് വീണ്ടും ഊന്നിപ്പറഞ്ഞത്. അതേസമയം, പ്രകാശ് കാരാട്ടിന്റെ നിലപാട് വിശദീകരിക്കുന്നതിനൊപ്പം സിപിഎം അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി അണികളെ അതിനൊപ്പം നിര്‍ത്തുകയെന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാസമ്മേളനത്തില്‍ അത്തരമൊരു ചര്‍ച്ച സജീവമായി നിലനിര്‍ത്തുന്നത് എന്നാണറിയുന്നത്. തൃശൂര്‍ മുതലുള്ള തെക്കന്‍ മേഖലകളില്‍ കേന്ദ്ര നേതാക്കളായ ഇ പി ജയരാജന്‍, എ വിജയരാഘവന്‍ എന്നിവരാണ് സിപിഎമ്മിന്റെ ജില്ലാസമ്മേളനങ്ങളില്‍ ഈ നിലപാട് വിശദീകരിക്കുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര നേതാക്കളായ പി കെ ശ്രീമതി ടീച്ചര്‍, എളമരം കരീം, മന്ത്രി എ കെ ബാലന്‍ എന്നിവര്‍ വടക്കന്‍ മേഖലയില്‍ നടക്കുന്ന ജില്ലാസമ്മേളനങ്ങളില്‍ നിലപാട് വിശദീകരിക്കും. ഇന്നലെ വയനാട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത കോടിയേരി ബാലകൃഷ്ണനും ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഒഴിച്ചുള്ള മതനിരപേക്ഷ കക്ഷികളുമായി ചേര്‍ന്ന് ബിജെപിക്കെതിരേ സഖ്യമുണ്ടാക്കുമെന്ന കാര്യത്തിന് മുന്‍ഗണന നല്‍കിയാണ് സംസാരിച്ചത്. അതേസമയം, സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളിലൊന്നുംതന്നെ ഇക്കുറി വി എസ് അച്യുതാനന്ദന്‍ പങ്കെടുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

RELATED STORIES

Share it
Top