കോണ്‍ഗ്രസ്സില്‍ വീണ്ടും പോര്‍മുഖം തുറന്ന് വി എം സുധീരന്‍

കൊച്ചി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ പുതിയ പോര്‍മുഖം തുറന്ന് മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍ രംഗത്ത്. കോണ്‍ഗ്രസ്സിന്റെ സംഘടനാപരമായ ദൗര്‍ബല്യമാണ് ചെങ്ങന്നൂരില്‍ ഏറ്റ കനത്ത പരാജയത്തിനു കാരണമെന്നും കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും വി എം സുധീരന്‍ പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ വേദനയോടെ തന്നെ വിളിച്ചിരുന്നു. അവരുടെയൊക്കെ ആവലാതിയും വേദനയും കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പിന്റെ അതിപ്രസരമാണ്. അതിനൊരു അവസാനമുണ്ടാവണം. ഗ്രൂപ്പുകള്‍ പല പാര്‍ട്ടികളിലും ഉണ്ടാവും. പക്ഷേ, അതിന്റെ അതിപ്രസരമാണ് കോണ്‍ഗ്രസ്സിലുള്ളത്. പാര്‍ട്ടിയേക്കാള്‍ ഉപരി കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുകള്‍ക്കാണു സ്ഥാനം.പാര്‍ട്ടി താല്‍പര്യങ്ങളേക്കാള്‍ ഉപരി ഗ്രൂപ്പു പ്രവര്‍ത്തനമാണ്. ഈ രീതി മാറണം. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. ഈ പ്രതീക്ഷയ്ക്കാണു കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്.
അതു സാധാരണക്കാരായ പ്രവര്‍ത്തകരുടെ മനസ്സിനെ വളരെയധികം വേദനിപ്പിച്ചിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗ്രൂപ്പുണ്ടെന്നു താന്‍ കരുതുന്നില്ല. മുകളിലോട്ട് പോകുന്തോറുമാണ് ഗ്രൂപ്പുകളിലേക്ക് പോകുന്നത്. സാധാരണ പ്രവര്‍ത്തകരുടെ താല്‍പര്യം പാര്‍ട്ടിയില്‍ പരിരക്ഷിക്കപ്പെടുന്നില്ല. അവര്‍ പലപ്പോഴും അവഗണിക്കപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഉണ്ടാവുന്നതെന്നും വി എം സുധീരന്‍ പറഞ്ഞു. ഗ്രൂപ്പ് മാനേജര്‍മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചാണു കാര്യങ്ങള്‍ നീങ്ങുന്നത്. അതുകൊണ്ടു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം പ്രതിഫലിപ്പിക്കേണ്ടത് ആവശ്യമാണ്. നേതാക്കള്‍ അവരുടെ പ്രവര്‍ത്തനശൈലിയില്‍ പുനപ്പരിശോധന നടത്തണം. പാര്‍ട്ടിയാണ് പ്രധാനം. കോണ്‍ഗ്രസ്സില്‍ നിന്നു ജനങ്ങള്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ചെങ്ങന്നൂരിലെ പരാജയം എന്നെന്നേക്കുമായുള്ള തിരഞ്ഞെടുപ്പ് ഫലമല്ല. പക്ഷേ, ചെങ്ങന്നൂരിലെ പരാജയം എല്ലാവരുടെയും കണ്ണു തുറപ്പിക്കണം. പ്രതിപക്ഷ നേതാവിന് എന്തെങ്കിലും വീഴ്ചപറ്റിയിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഏതെങ്കിലും വ്യക്തിയെക്കുറിച്ചു പറയാന്‍ താന്‍ ഇപ്പോള്‍ തയ്യാറല്ലെന്നും പക്ഷേ, തനിക്കു പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ പറയുമെന്നും വി എം സുധീരന്‍ പറഞ്ഞു.

RELATED STORIES

Share it
Top